ടണലിനുള്ളിൽ വെച്ച് അസഭ്യവർഷവും കയ്യേറ്റവും, നെയ്മർക്ക് കൂടുതൽ മത്സരങ്ങളിൽ വിലക്കിനു സാധ്യത

ലില്ലേക്കെതിരായ ലീഗ് 1 മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യപകുതിയിൽ ജോനാഥൻ ഡേവിഡ് നേടിയ ഗോളിനാണ് പിഎസ്‌ജിക്കെതിരായ നിർണായക മത്സരത്തിൽ വിജയം നേടാൻ ലില്ലെക്കു സാധിച്ചത്. വിജയത്തോടെ 3 പോയിന്റ് വ്യത്യാസത്തിൽ പിഎസ്‌ജിയെ മറികടന്നു ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ലില്ലേക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാതെ പോയ നെയ്മറിനു മത്സരത്തിന്റെ അവസാന സമയത്ത് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വരികയും ചെയ്തിരുന്നു. ലില്ലേയുടെ പ്രതിരോധതാരം ടിയാഗോ ജാലോയെ ത്രോ ലൈനിൽ വെച്ചു തള്ളിയിട്ടതിനാണ് റഫറി രണ്ടാം മഞ്ഞക്കാർഡിനൊപ്പം ചുവപ്പുകാർഡും നൽകിയത്. ത്രോലൈൻ കടന്നു പോയ പന്ത് എടുക്കാൻ ഇരുവരും മത്സരിച്ചതോടെ നെയ്മർ ജാലോയെ തള്ളിയിടുകയായിരുന്നു.

മത്സരത്തിന്റെ 89ആം മിനുട്ടിലാണ് റെഡ് കാർഡിനാസ്പദമായ സംഭവം നടക്കുന്നത്. മത്സരം കഴിഞ്ഞു ടണലിലേക്ക് നടക്കുകയായിരുന്ന ജാലോക്കെതിരെ നെയ്മർ അസഭ്യവർഷം നടത്തുകയും വീണ്ടും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ജാലോ തിരിച്ചൊന്നും ചെയ്തില്ലെങ്കിലും നെയ്മർ വീണ്ടും വാക്കേറ്റത്തിന് മുതിർന്നതോടെ ജാലോയും അക്ഷോഭ്യനാവുകയായിരുന്നു. തുടർന്ന് സ്റ്റാഫുകൾ പിടിച്ചു മാറ്റുകയായിരുന്നു.

ടണലിനുള്ളിലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റെഡ് കാർഡിന് പിന്നാലെ കൂടുതൽ മത്സരങ്ങളിലേക്ക് വിലക്ക് ലഭിക്കാനുള്ള സാധ്യതയും ഇതോടെ നെയ്മറിനെതിരെ ഉയർന്നു വന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗിന്റെ അച്ചടക്ക സമിതി ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

You Might Also Like