ഒടുവിൽ അതു സംഭവിക്കുന്നു, പിഎസ്‌ജിയിൽ തുടരണമെന്ന് ഏജന്റിനോട് ആവശ്യപ്പെട്ട് നെയ്മർ

Image 3
FeaturedFootballLeague 1

ബാഴ്സയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം പരിക്കുകൾ മൂലം വളരെയധികം വിഷമിച്ച സൂപ്പർതാരമാണ് നെയ്മർ ജൂനിയർ. അക്കാലത്തു ബാഴ്സ വിട്ടത് തെറ്റായ തീരുമാനമായിരുന്നുവെന്നു നെയ്മറിന്റെ മനസിലും കുറ്റബോധം നിഴലിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ബാഴ്‌സയിലേക്ക് തിരിച്ചു പോണമെന്നുള്ള ആവശ്യം നെയ്മർ പിഎസ്‌ജിയോട് ആവശ്യപ്പെടുന്നതും. എന്നാൽ പിഎസ്‌ജി വിസമ്മതിക്കുകയായിരുന്നു.

എന്നാൽ പിഎസ്‌ജി ചാമ്പ്യൻസ്‌ലീഗ് ഫൈനൽ വരെയെത്തിയതോടെ നിലവിൽ വലിയമാറ്റം പഴയ തീരുമാനത്തിൽ നിന്നും നെയ്മറിന് വന്നു ചേർന്നിട്ടുണ്ട്. ഒപ്പം തന്റെ സുഹൃത്തുക്കളായ ലയണൽ മെസിക്കും ലൂയിസ് സുവാരസിനും ബാഴ്സയിൽ സംഭവിക്കുന്ന പൊരുത്തക്കേടുകളും നെയ്മറിനെ പിന്തിരിപ്പിച്ചുവെന്നു വേണം പറയാൻ.

എന്തായാലും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിൽ തന്നെ തുടരാനാണ് തനിക്കു താത്പര്യമെന്നു ഏജന്റിനെ അറിയിച്ചുവെന്നാണ് വിവരം. ഫ്രഞ്ച് മാധ്യമമായ ലെ10സ്‌പോർട് ജേർണലിസ്റ്റായ ഹഡ്രിയെൻ ഗ്രീനിയറുടെ ട്വീറ്റുകൾ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഏജന്റിനോട് തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞതിനൊപ്പം ടീമിനെ ശക്തമാക്കാനുള്ള നിർദേശങ്ങളും നൽകിയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ 2022 വരെയാണ് നെയ്മറിന് പിഎസ്‌ജിയുമായി കരാറുള്ളത്. നെയ്മറിന്റെ പുതിയ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിച്ച പിഎസ്‌ജി താരത്തിനു മെച്ചപ്പെട്ട കരാർ നൽകാനുള്ള ഒരുക്കത്തിലാണുള്ളത്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം തിരിച്ചു വരവിന്റെ പാതയിലാണുള്ളത്. അഞ്ചു വർഷത്തേക്കു കൂടി താരത്തെ നിലനിർത്താനുള്ള ശ്രമമാണ് പിഎസ്‌ജി നടത്തുന്നത്.