ബാഴ്സയിലേക്കിനി തിരിച്ചുപോക്കില്ല, പിഎസ്‌ജിയുമായി കരാർ ഒപ്പിട്ട് നെയ്മർ

Image 3
FeaturedFootballLeague 1

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനലിൽ പിഎസ്‌ജി പുറത്തായതോടെ നെയ്മർ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പഴയ ക്ലബ്ബായ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകളനുസരിച്ച് പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുമെന്നാണ് അറിയാനാകുന്നത്.

അഞ്ചു വർഷത്തേക്കുള്ള കരാറാണ് പിഎസ്‌ജി താരത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഇതോടെ 2025 വരെ നെയ്മറുടെ സേവനം പിഎസ്‌ജിക്ക് ലഭ്യമാവും. അതികം വൈകാതെ വൈകാതെ തന്നെ താരം കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

2017ലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ റെക്കോർഡ് തുകക്ക് ബാഴ്സയിൽ നിന്നും പിഎസ്‌ജി നെയ്മറെ സ്വന്തമാക്കുന്നത്. പിന്നീട് പരിക്കുകൾ അലട്ടാൻ തുടങ്ങിയതോടെ താരം ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ശ്രമം നടത്തിയിരുന്നു. അതിനായി വേതനം വെട്ടിക്കുറക്കാൻ വരെ താരം തയ്യാറായിരുന്നു. എന്നാൽ സാമ്പത്തികമായ ബുദ്ദിമുട്ടുകൾ മൂലം ബാഴ്സ ആ നീക്കം ഒഴിവാക്കുകയായിരുന്നു.

ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം തുടരാൻ പിഎസ്‌ജിക്ക് സാധിച്ചതോടെ നെയ്മർ തീരുമാനം മാറ്റുകയായിരുന്നു. നെയ്മർ പിഎസ്‌ജിയിൽ തുടരാൻ തീരുമാനിച്ചതോടെ മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബാപ്പെയും പിഎസ്‌ജിയിൽ തുടരുമോയെന്നതാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.