ബാഴ്സയിലേക്കിനിയില്ല, പിഎസ്‌ജിയുമായി കരാർ പുതുക്കാനൊരുങ്ങി നെയ്മർ

Image 3
FeaturedFootballLeague 1

ബാഴ്സയിൽ നിന്നും റെക്കോർഡ് തുകക്ക് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ സൂപ്പർതാരമാണ് നെയ്മർ ജൂനിയർ. നിരന്തരം പരിക്കുകളുമായി ഒട്ടേറെ വിഷമിച്ച സമയത്ത് ബാഴ്സ വിട്ടത് അബദ്ധമായെന്നു നെയ്മർക്ക് തോന്നിത്തുടങ്ങിയിരുന്നു. കഴിഞ്ഞ സീസനുമുൻപ് ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്താൻ നെയ്മർ ശ്രമിച്ചിരുന്നുവെങ്കിലും നടക്കാതെ പോവുകയായിരുന്നു.

എന്നാൽ നെയ്മർ പിഎസ്‌ജിയിൽ തന്നെ തുടരാൻ തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2022 വരെ കരാറുണ്ടെങ്കിലും പിഎസ്‌ജി താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലായിരുന്നു ഇതു വരെയും. എന്നാലിപ്പോൾ താരം സമ്മതം മൂളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ഫൂട് മെർകാറ്റോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ബാഴ്സലോണയിലേക്ക് ചേക്കേറാംനുള്ള ശ്രമമുപേക്ഷിച്ച് പിഎസ്‌ജിയുമായി അഞ്ചു വർഷത്തേക്ക് കൂടി കരാറിലെത്താനുള്ള നീക്കത്തിലാണ് നെയ്മർ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു ശേഷമാണ് താരത്തിന്റെ മനസു മാറിയതെന്നാണ് അറിയാനാവുന്നത്. പിയെസ്ജിയിൽ തന്നെ തുടരുമെന്ന് സ്റ്റാഫുകളോട് നെയ്മർ മത്സരശേഷം അറിയിക്കുകയായിരുന്നു.

ബാഴ്സയിലെ സുഹൃത്തുക്കളായ ലൂയിസ് സുവാരസിന്റെയും ലയണൽ മെസ്സിയുടെയും അവസ്ഥയും നെയ്മറിന്റെ മനംമാറ്റത്തിന് കാരണമായെന്നു പറയാം. സുവാരസിനെ പോലെ ഈ സീസണു ശേഷം മെസിയും ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണുള്ളത്. എന്തായാലും നെയ്മറിന്റെ മനം മാറിയതോടെ കൂടുതൽ ക്ലബ്ബുകൾ നെയ്മറെ സ്വന്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നതിനു മുമ്പേ പെട്ടെന്നു തന്നെ ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌ജിയുള്ളത്.