ഇതാണ് ബ്യൂട്ടിഫുള്‍ ഗെയിം!, തോല്‍വിയിലും ബയേണിനെ അഭിനന്ദിച്ച് നെയ്മര്‍

Image 3
Champions LeagueFeaturedFootball

ബയേണിനോട്‌ ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ തോൽവി രുചിച്ചതിൽ ഹൃദയം നുറുങ്ങിയാണ് നെയ്മർ കളം വിട്ടത്. നിരവധി സുവർണാവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാനാവാതെ കീഴടങ്ങുകയായിരുന്നു നെയ്മറും സംഘവും. 59-ആം മിനുട്ടിൽ കിങ്‌സ്‌ലി കോമാന്റെ ഹെഡ്ഡർ ഗോളാണ് പിഎസ്‌ജിയുടെ ഹൃദയം തകർത്തത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ നെയ്മർ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും രണ്ടാം പകുതിയിൽ തിളങ്ങാൻ താരത്തിനായില്ലെന്നതും വസ്തുതയാണ്. ഗോളോ അസിസ്റ്റോ നേടാൻ കഴിയാതെയാണ് താരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. എയ്ഞ്ചൽ ഡി മറിയക്കും എംബാപ്പേക്കും സൂപ്പർ സബ് ചൂപോ മോട്ടിങ്ങിനും ലഭിച്ച അവസരങ്ങൾ പാഴാക്കിയത് പിഎസ്‌ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

തന്റെ നിരാശയും സങ്കടവും മറച്ചു വെച്ചുകൊണ്ട് പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ നെയ്മറുടെ വക കുറിപ്പും ശ്രദ്ധേയമായി. “തോൽവിയും സ്പോർട്സിന്റെ ഭാഗം തന്നെയാണ്. ഞങ്ങൾ കഴിയുന്ന പോലെ ശ്രമിച്ചു. അവസാനം വരെ ഞങ്ങൾ പോരാടി.”

“നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം നിറഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുന്നു. കൂടാതെ ബയേൺ മ്യൂണിക്കിന് അഭിനന്ദനങ്ങളും.”ആദ്യമായിട്ടാണു പിഎസ്ജി ഫൈനലിൽ എത്തുന്നത്. എന്നാൽ കിരീടം നേടികൊടുക്കാൻ നെയ്മർക്കും കൂട്ടർക്കും സാധിക്കാതെ പോയിരിക്കുകയാണ്. മത്സരശേഷം നെയ്മറുടെ വിങ്ങിപ്പൊട്ടിയ നിമിഷങ്ങൾ ഒരു ഫുട്ബോൾ ആരാധകനും മറക്കാനിടയില്ല.