പുറത്താവലിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല, ആത്മവിശ്വാസത്തിന്റെ പ്രതിബിംബമായി നെയ്മർ ജൂനിയർ

അറ്റലാന്റക്കെതിരെ പുറത്താവലിനെക്കുറിച്ച് ഒരു സമയത്തും ചിന്തിച്ചിരുന്നില്ലെന്നും സെമിഫൈനലിലെത്തുമെന്നു തന്നെയായിരുന്നു ചിന്തയെന്നു നെയ്മർ അഭിപ്രായപ്പെട്ടു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അറ്റലാന്റയെ 2-1 ന് കീഴടക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്ജി സെമിഫൈനലിലെത്തുമെന്ന ചിന്തയെ തടയാൻ മറ്റൊന്നിനുമാവില്ലന്ന് നെയ്മർ ജൂനിയർ ഉറപ്പിച്ചു പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നെയ്മറാണ് സ്വന്തമാക്കിയത്. സമനില ഗോൾ നെയ്മറിന്റെ പാസിൽ നിന്നായിരുന്നു പിറന്നത്. കൂടാതെ ആദ്യപകുതിയിൽ പിഎസ്ജിയെ ഒറ്റക്ക് ചുമലിലേറ്റിയതും നെയ്മർ ജൂനിയറിന്റെ പ്രകടനങ്ങളായിരുന്നു.

“ഞാനൊരിക്കലും പുറത്താവുന്നതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഞങ്ങൾ സെമി ഫൈനലിൽ എത്തുമെന്ന എന്റെ ചിന്തയെ തടയാൻ മറ്റൊന്നിനുമാവില്ല. അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരുപാട് നല്ല അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. മികച്ച ഒരു സ്‌ക്വാഡ് തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾ പുറത്താകും എന്ന് ചിന്തിക്കുന്നത് അസാധ്യമായ കാര്യമാണ്” മത്സരശേഷം നെയ്മർ ജൂനിയർ പറഞ്ഞു.

മുൻപ് ബാഴ്സയിൽ കളിക്കുന്ന കാലത്ത് പറഞ്ഞ ഒരു ശതമാനം സാധ്യതയും 99 ശതമാനം വിശ്വാസവുമെന്ന വാചകത്തിനു ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ . സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും ജർമൻ ക്ലബ്ബായ ആർ ബി ലെയ്പ്സിഗും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആയിരിക്കും നെയ്മറും സംഘവും സെമിയിൽ നേരിടുക.

You Might Also Like