മൂന്ന് പ്രതിരോധ താരങ്ങളെ ബോക്സിൽ വീഴ്ത്തി നെയ്മർ നൽകിയ പാസ് – വീഡിയോ കാണാം

Image 3
Copa America

കോപ്പ അമേരിക്ക സെമിഫൈനലിൽ പെറുവിനെ തോൽപ്പിച്ചു ഫൈനലിൽ കയറാൻ ബ്രസീലിന് ഒന്നാം പകുതിയിൽ ലൂക്കാസ് പക്വറ്റ നേടിയ ഒറ്റ ഗോൾ തന്നെ ധാരാളമായിരുന്നു. നെയ്‌മറും കൂട്ടരും കളം നിറഞ്ഞപ്പോൾ ചുരുങ്ങിയ അവസരങ്ങളിൽ മാത്രമാണ് പെറു ബ്രസീലിന് വെല്ലുവിളിയാണെന്ന് പോലും തോന്നിച്ചുള്ളൂ.

സൂപ്പർതാരം നെയ്മറിന് തുടക്കത്തിൽ അത്രനല്ല ദിവസമല്ല എന്ന് തോന്നിപ്പിച്ച മത്സരമായിരുന്നു സെമി ഫൈനലിലേത്. പതിവില്ലാത്ത വിധം ഒന്നിലധികം തവണ നെയ്‌മറുടെ കാലിൽ നിന്നും പന്ത് വഴുതിപ്പോവുന്നത് കാണാമായിരുന്നു. എന്നാൽ 35ആം മിനിറ്റിൽ നെയ്‌മർ മാജിക് തന്നെ വേണ്ടിവന്നു ബ്രസീലിന് ഗോൾ കണ്ടെത്താൻ.

ഒന്നാം പകുതിയുടെ 35ആം മിനിറ്റിൽ പെറുവിന്റെ ക്രിസ്ത്യൻ റാമോസിന്റെ ക്ലിയറൻസ് പിഴച്ചത് ചെന്നു പെട്ടത് നേരെ റിച്ചാലിസന്റെ കാലിലേക്ക്. റിചാലിസൺ നൽകിയ പാസ് പെനാൽറ്റി ബോക്സിൽ മൂന്ന് പെറുവിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞു നെയ്‌മർ പക്വറ്റക്ക് നൽകിയപ്പോൾ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ പക്വറ്റക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ. ശരിക്കും ഒരു നെയ്മർ മാജിക്കിൽ പിറന്ന പാസ്.

വീഡിയോ കാണാം

https://twitter.com/AR17Naldo/status/1412217639909347331

സ്‌കോർ ലൈൻ കാണിക്കുന്നത്ര പോലും പോരാട്ടവീര്യം പ്രകടിപ്പിച്ചല്ല പെറു ബ്രസീലിന് മുന്നിൽ കീഴടങ്ങിയത്. ഒന്നാം പകുതിയിൽ പെറു ഗോൾകീപ്പർ പെഡ്രോ ഗലീസയുടെ കിടിലൻ സേവുകൾ ഉണ്ടായിരുന്നില്ലെങ്കിൽ ചുരുങ്ങിയത് മൂന്ന് ഗോളുകൾക്കെങ്കിലും ബ്രസീൽ ജയിച്ചു കയറിയേനെ. കസെമിറോയുടെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകളും, നെയ്‌മറുടെ ഗോൾ ശ്രമങ്ങളും ഗലീസ പണിപ്പെട്ടാണ് തട്ടിയകറ്റിയത്.

ബുധനാഴ്ച നടക്കുന്ന അർജന്റീന – കൊളംബിയ മത്സരത്തിലെ വിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ബ്രസീലിലെ ഐതിഹാസികമായ മാരക്കാന സ്റ്റേഡിയത്തിൽ ജൂലൈ പതിനൊന്നിനാണ് ഫൈനൽ മത്സരം.