‘മെസ്സി ആരെക്കാളും മികച്ചവൻ’; G.O.A.T നയം വ്യക്തമാക്കി നെയ്‌മർ

ഫുട്ബോൾ ലോകത്ത് കഴിഞ്ഞ പത്തുവർഷത്തിലധികമായി തുടരുന്ന ഏറ്റവും ചൂടേറിയ ചർച്ചയാണ് റൊണാൾഡോയാണോ മെസ്സിയാണോ മികച്ച കളിക്കാരൻ എന്നത്. ഇരുവരും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരാണ് (G.O.A.T) എന്ന് ഇരു താരങ്ങളുടെയും ആരാധകർ വാദിക്കും. ഇരുവരും ഒരുപോലെ ചരിത്രത്തിലെ മികച്ച താരങ്ങൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ലെങ്കിലും വാദപ്രതിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ. ‘ഓ മൈ ഗോളിന്’ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഒപ്പം കളിച്ചു കൊതി തീർന്നിട്ടില്ലാത്ത താരമേത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ;
“തീർച്ചയായും അത് മെസ്സിയാണ്. കാരണം അദ്ദേഹം എല്ലാവരേക്കാളും മികച്ച കളിക്കാരനാണ്. ശരിക്കും ചരിത്രത്തിലെ ഏറ്റവും മികച്ചവൻ.”
ലോകഫുട്ബോളിലെ ഏറ്റവും സാങ്കേതികത്തികവുള്ള കളിക്കാരനായാണ് നെയ്‌മർ പൊതുവെ കരുതപ്പെടുന്നത്. എന്നാൽ തന്നെക്കാൾ കഴിവുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ നെയ്മർ പറഞ്ഞത് അഞ്ചു താരങ്ങളുടെ പേരാണ്. ലയണൽ മെസ്സി, കെവിൻ ഡിബ്ര്യൂണെ, ഈഡൻ ഹസാർഡ് എന്നിവർക്ക് പുറമെ ലിവർപൂളിന്റെ തിയാഗോ അൽകന്റാരയെയുമാണ് തന്നെക്കാൾ മികച്ചവരായി നെയ്‌മർ തിരഞ്ഞെടുത്തത്.
“എന്നെക്കാൾ മികച്ചവരോ? ഞാൻ തന്നെയാണ് ചരിത്രത്തിലെ ഏറ്റവും കഴിവുള്ള താരം. തമാശ രീതിയിൽ ഇങ്ങനെ മറുപടി പറഞ്ഞാണ് അഞ്ചു താരങ്ങളെ നെയ്മർ തിരഞ്ഞെടുത്തത്.”