ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നെയ്മറെ വിലക്കിയേക്കും, ആശങ്കയില്‍ പിഎസ്ജി
പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർക്ക് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നഷ്ടമായേക്കാൻ സാധ്യതകളുണ്ടെന്നാണ് നിലവിലെ അഭ്യുഹങ്ങൾ. ലൈപ്സിഗുമായി നടന്ന സെമിഫൈനൽ മത്സരത്തിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള യുവേഫയുടെ നിയമം ലംഘിച്ചതാണ് നെയ്മർക്ക് തിരിച്ചടിയായിരിക്കുന്നത്.
ആർബി ലൈപ്സിഗിനെതിരെ മൂന്നുഗോളുകൾക്ക് വിജയിച്ചതിനു ശേഷം നെയ്മർ തന്റെ ജേഴ്സി ലീപ്സിഗ് താരം ഹാൽസ്റ്റെൻബർഗിന് കൈമാറുകയായിരുന്നു. താരം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നെയ്മർ തന്റെ ജേഴ്‌സി കൈമാറിയത്. എന്നാൽ യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കാരണം താരങ്ങൾ തമ്മിൽ ജേഴ്സി കൈമാറുന്നത് ചട്ടലംഘനമാണ്. ഇക്കാര്യം കർശനമായി നിരോധിച്ചതാണെന്നത് ലിസ്ബണിലെത്തുന്നതിനു മുൻപുതന്നെ യുവേഫ അറിയിച്ചിരുന്നു.
https://twitter.com/UCLUEL00/status/1295825022309871616?s=20
എന്നാൽ നെയ്മറിന് ഫൈനലിൽ ബാൻ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണു. എന്തെന്നാൽ ഈ നിയമലംഘനത്തിനുള്ള ശിക്ഷയെന്താണെന്നു യുവേഫ പ്രതിപാദിച്ചിട്ടില്ല. താരത്തിനെതിരെ അച്ചടക്കനടപടി ഉണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷെ അത് ഏത് തരത്തിലുള്ളത് ആയിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
12 ദിവസം ക്വാറന്റൈനിലിരിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അഞ്ച് ദിവസങ്ങൾ മാത്രമാണ് ഇനി ഫൈനലിന് ബാക്കിയുള്ളത്. യുവേഫ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്ന കാത്തിരിപ്പിലാണ് ആരാധകർ. നെയ്മറെ മത്സരത്തിൽ നിന്നും ബാൻ ചെയ്താൽ അത് പിഎസ്ജിക്ക് വൻ തിരിച്ചടി ആയിരിക്കുമെന്നത് ഉറപ്പാണ്. ലിയോൺ-ബയേൺ രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളെയാണ് പിഎസ്ജി ഫൈനലിൽ നേരിടുക.