പിഎസ്‌ജിയുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ നിർത്തിവെച്ച് നെയ്മർ, ബാഴ്‌സയിലേക്ക് തിരിച്ചുവരാനാഗ്രഹമുണ്ടെന്നു റിപ്പോർട്ടുകൾ

ഏതാനും ആഴ്ചകൾക്ക് മുൻപ് നെയ്മർ പിഎസ്‌ജിയിൽ തന്നെ തുടരുമെന്ന റിപ്പോർട്ടുകളാണ് ഉയർന്നു വന്നിരുന്നത്. പിഎസ്‌ജിയിൽ താരം സന്തോഷവാനാണെന്നും അഞ്ചു വർഷത്തേക്ക് കരാർ പുതുക്കുമെന്ന വാർത്തകളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ പിഎസ്‌ജിയുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ താരം നിർത്തിയെന്ന വാർത്തകളാണ് പുതിയതായി ഉയർന്നു വന്നിരിക്കുന്നത്.

സൂപ്പർതാരവും സുഹൃത്തുമായ ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരുമെന്ന സാഹചര്യം കണക്കിലെടുത്താണ് നെയ്മറുടെ പുതിയ നീക്കം. മെസി പിഎസ്‌ജിയിലേക്ക് പോവുമെന്ന റിപ്പോർട്ടുകളാണ് ഇതിനു മുൻപ് ഉയർന്നുവന്നതെങ്കിൽ ഇപ്പോൾ നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവാണ് വീണ്ടും അഭ്യൂഹങ്ങളായി ഉയർന്നു വന്നിരിക്കുന്നത്.

മെസി ബാഴ്സയിൽ തന്നെ കരാർ പുതുക്കുമെന്ന് നെയ്മർ വിശ്വസിക്കുന്നുവെന്നാണ് കാറ്റാലൻ മാധ്യമമായ അറ റിപ്പോർട്ട്‌ ചെയ്യുന്നത്. ഒപ്പം തനിക്കു ബാഴ്‌സയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ബാഴ്സ അധികൃതരോട് നെയ്മർ അറിയിച്ചുവെന്നും ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നു. ഇതു തന്നെയാണ് മുൻ ബാഴ്സ സ്കൗട്ട് ആയിരുന്ന ആന്ദ്രേ കറിയും മുൻപ് പ്രവചിച്ചിരുന്നത്.

നെയ്മർ മെസിക്കൊപ്പം കളിക്കുമെന്നും അത് പിഎസ്‌ജിയിൽ അല്ലെന്നും ബാഴ്സയിലായിരിക്കുമെന്ന ആന്ദ്രേ കറിയുടെ പ്രവചനമാണ് ഇപ്പോൾ യഥാർത്ഥ്യമാവാൻ സാധ്യതയുയർന്നിരിക്കുന്നത്. നിലവിൽ ബാഴ്സയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെങ്കിലും ബാഴ്‌സയിലേക്ക് ചേക്കേറാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാണെന്നാണ് അറിയാകുന്നത്. നെയ്മറിന്റെ തിരിച്ചു വരവിനെ ബാഴ്സ തള്ളിക്കളയുന്നില്ലെങ്കിലും നിലവിൽ ബൊറൂസിയ താരം എർലിംഗ് ഹാളണ്ടിനെയോ ഇന്റർ മിലാന്റെ ലൗറ്റാരോ മാർട്ടിനെസിനെയോ തട്ടകത്തിലെത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.

You Might Also Like