ബാഴ്സക്ക് ലഭിച്ച പെനാൽറ്റിക്കെതിരെ ട്വിറ്ററിൽ പരിഹാസം, നെയ്മറിന് വിലക്കിനു സാധ്യത

ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ്‌ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിലെ പിഎസ്ജിയുടെ ഒന്നിനെതിരെ നാലു ഗോളിൻ്റെ മികച്ച വിജയം ട്വിറ്ററിലൂടെ സൂപ്പർ താരം നെയ്മർ ജൂനിയർ ആഘോഷമാക്കിയിരുന്നു. പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന നെയ്മർ മത്സരത്തിലുടനീളം ട്വിറ്ററിലൂടെ തൻ്റെ പിന്തുണ പിഎസ്ജി താരങ്ങൾക്ക് നൽകിയിരുന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയെയും മധ്യനിരതാരം ലിയാൻഡ്രോ പരെഡസിനെയും നെയ്മർ തൻ്റെ പ്രശംസ അറിയിച്ചു.

എന്നാൽ ബാഴ്സക്ക് ലഭിച്ച പെനാൽറ്റിക്കെതിരെ നെയ്മർ തൻ്റെ രോഷം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആ പെനാൽറ്റി ഒരു തമാശപോലെയാണ് തോന്നിയതെന്നാണ് നെയ്മർ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ നെയ്മർ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അത് ആരാധകരുടെ കണ്ണിൽപെടുകയും രണ്ടാം പാദ മത്സരത്തിൽ പങ്കെടുക്കാനുള്ള നെയ്മറിന്റെ സാധ്യതയെ വരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലേക്കാണ് വഴി തുറന്നിരിക്കുന്നത്.

ബാഴ്സക്ക് നൽകിയ പെനാൽറ്റി തീരുമാനം തമാശപോലെയാണതെന്നു ട്വിറ്ററിൽ കുറിച്ചതിനു നെയ്മറിന് വിലക്ക് ലഭിച്ചേക്കുമെന്നാണ് അറിയാനാകുന്നത്. രണ്ടു മുതൽ മൂന്നു മത്സരങ്ങളിൽ വിലക്കു ലഭിക്കാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്. യുവേഫയുടെ പെരുമാറ്റചട്ടത്തിനെതിരായ ട്വിറ്റർ പോസ്റ്റിനെതിരെയാണ്‌ നെയ്മറിന് വിലക്കു ലഭിക്കാൻ പോവുന്നത്.

ഇതിനു മുൻപും നെയ്മറിന് ഇത്തരത്തിൽ വീഡിയോ റഫറിയിങ്ങിനെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റ് ഇട്ടതിനു മൂന്നു മത്സരങ്ങളിൽ വിലക്കു ലഭിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ നിന്നും തന്നെ പുറത്താവാനിടയായ അവസാന സമയത്ത് പെനാൽറ്റി നൽകിയതിനെതിരെ വിമർശിച്ച് നെയ്മർ ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനു ലഭിച്ച വിലക്ക് പിന്നീട് അപ്പീലിൽ രണ്ടാക്കി കുറച്ചിരുന്നു. എന്തായാലും അതിനു സമാനമായ ഒരു സാഹചര്യമാണ് നെയ്മർ വീണ്ടും ട്വിറ്റർ പോസ്റ്റിലൂടെ വരുത്തി വെച്ചിരിക്കുന്നത്.

You Might Also Like