നെയ്മർ, പരേഡസ്, ഡി മരിയ എന്നിവർക്ക് കോവിഡ്, പിഎസ്‌ജി പ്രതിസന്ധിയിൽ

Image 3
FeaturedFootball

പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡിമരിയ, പരേഡസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൽ എക്വിപ്പെ, ഫ്രാൻസ് ഫുട്ബോൾ എന്നീ പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളാണ് കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത് . ടീമിലെ മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്നു മാത്രമാണ് പിഎസ്ജി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്തു വിട്ടത്.

എന്നാൽ ആർക്കൊക്കെയാണ് കോവിഡ് ബാധിച്ചതെന്നു പിഎസ്ജി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ പുറത്തു വരുന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയുടെ മൂന്ന് സൂപ്പർ താരങ്ങളായ നെയ്മർ, ഡിമരിയ, പരേഡസ് എന്നിവരാണ് എന്നാണ് അറിയാൻ കഴിയുന്നത്.

മൂന്ന് താരങ്ങളും ഇബിസയിൽ തങ്ങളുടെ അവധിക്കാലം ആഘോഷിച്ചിരുന്നു. അതിന് ശേഷം അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്നതിനു പിഎസ്ജിയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഈ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചതെന്നാണ് എൽ എക്വിപെ റിപ്പോർട്ട്‌ ചെയ്യുന്നത്. ഒരാഴ്ച്ചക്ക് മുകളിൽ ഇവർ ഐസൊലേഷനിൽ പോവുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

പിഎസ്ജിയുടെ ഒട്ടുമിക്ക താരങ്ങളും നിലവിൽ തങ്ങളുടെ അന്താരാഷ്ട്ര ടീമിനോടൊപ്പമാണ് ഉള്ളത്. എന്നാൽ യൂറോപ്പിലെ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇന്റർനാഷണൽ ഡ്യൂട്ടി ഇല്ലെന്നതിനാലായിരുന്ന മൂവരും അവധി ആഘോഷിക്കാൻ പോയത് എന്നാണ് വിവരങ്ങൾ. സെപ്റ്റംബർ പത്തിന് ലെൻസിനെതിരെയാണ് പിഎസ്ജിയുടെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരം. ഈ മത്സരത്തിന് പ്രധാനതാരങ്ങളായ ഇവരുടെ സേവനം ലഭ്യമാവുമോ വ്യക്തമായിട്ടില്ല.