റാമോസ് പിഎസ്‌ജിയിലേക്ക് വന്നാൽ ഞങ്ങൾ കരാർ പുതുക്കാം, നെയ്മർ രമോസിനോട്‌ ഫോണിൽ സംവദിച്ചു

Image 3
FeaturedFootballLeague 1

റയലിനായി പതിനാറു വർഷം ശത്രുക്കളുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച സൂപ്പർക്യാപ്റ്റനാണ് സെർജിയോ റാമോസ്. എന്നാൽ നിലവിൽ ഈ സീസണു ശേഷം റയലുമായുള്ള കരാർ അവസാനിക്കാനിരിക്കെ പുതിയ കരാർ നൽകാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡുള്ളത്. എന്നാൽ നിലവിൽ റാമോസും റയലുമായി ഒരു ഒത്തുതീർപ്പിലെത്താൻ സാധിച്ചിട്ടില്ലെന്നത് വമ്പന്മാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

34 വയസായെങ്കിലും ലോക ഫുട്ബോളിൽ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുന്ന റാമോസിനെ സീസണവസാനം ഫ്രീയായി ലഭിക്കുന്നത് കൈവിടാൻ പല വമ്പന്മാരും തയ്യാറല്ലെന്നതാണ് നിലവിലെ സാഹചര്യം. സ്പാനിഷ് മധ്യമമായ ഡയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി താരത്തിനായി രംഗത്തുണ്ടെന്നാണ് വിവരം. സീസണവസാനം ഫ്രീ ട്രാൻസ്ഫറിൽ വരുകയാണെങ്കിൽ താരത്തിന്റെ ഇഷ്ടത്തിലുള്ള കരാർ നൽകാമെന്നാണ് പിഎസ്‌ജി മുന്നോട്ടു വെക്കുന്നത്.

എന്നാൽ പിഎസ്‌ജി സൂപ്പർതാരം നെയ്മർ റാമോസിനെ പിഎസ്‌ജിയിലേക്ക് ക്ഷണിക്കാൻ വിളിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മധ്യമമായ സ്പോർട്ടാണു ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നെയ്മർ റാമോസിനോട് ഫോണിൽ പറഞ്ഞതിങ്ങനെയാണ് : “സെർജിയോ, നിങ്ങൾ പിഎസ്‌ജിയുമായി കരാറിലെത്തുകയാണെങ്കിൽ അടുത്ത ദിവസം തന്നെ ഞാനും കരാർ പുതുക്കും. ഒപ്പം എനിക്ക് ശേഷം എംബാപ്പെയും”

പിഎസ്‌ജിലേക്ക് വരുകയാണെങ്കിൽ രണ്ടു യൂറോപ്യൻ കിരീടങ്ങൾ നേടാമെന്നും നെയ്മർ സെർജിയോ റാമോസിനോട് ഫോണിലൂടെ അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാമോസിനെ പോലെ തന്നെ നെയ്മറും എംബാപ്പേയും പിഎസ്‌ജിയിൽ കരാർ പുതുക്കാനുള്ള താരങ്ങളാണ്. 2022 വരെയാണ് ഇരുവരുടെയും പിഎസ്‌ജിയിലെ കരാർ. അഞ്ചു വർഷത്തേക്കു കൂടി നെയ്മർ കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ്‌ജിയുള്ളത്. എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും രംഗത്തുണ്ട്.