റയൽ സൂപ്പർതാരങ്ങൾ പരാജയപ്പെട്ടിടത്ത് വിജയം കണ്ട് നെയ്മറും ഇകാർഡിയും

Image 3
FeaturedFootball

വിയ്യാറയലിനെതിരായ മത്സരത്തിൽ റാമോസും ബെൻസിമയും എടുത്ത് പരാജയപ്പെട്ട പാസിംഗ് പെനാൽട്ടി ടെക്നിക് ഏറെ ചർച്ചാവിഷയമായിരുന്നു. പെനാൽട്ടിയെടുത്ത റാമോസ് പന്തു ബെൻസിമക്ക് നീട്ടിയെങ്കിലും കിക്കിനു മുൻപു തന്നെ ഫ്രഞ്ച് താരം ബോക്സിലെത്തിയതു കൊണ്ട് റഫറി പെനാൽട്ടി റീടേക്കിന് ആവശ്യപ്പെടുകയായിരുന്നു. കിക്കെടുത്ത ബെൻസിമ അതു വലയിലെത്തിക്കുകയും ചെയ്തു.

അതേ സമയം പിഎസ്ജിയും വാസ്ലാൻഡ് ബിവറെനും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ സമാനമായ ടെക്നിക് എടുത്ത് മനോഹരമായി നെയ്മറും ഇക്കാർഡിയും നടപ്പിലാക്കി. മത്സരത്തിന്റെ നാൽപത്തിയേഴാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി നെയ്മർ ഇക്കാർഡിക്കു നീക്കിക്കൊടുക്കുകയും അർജൻറീനിയൻ താരം അതു രണ്ടു പ്രതിരോധതാരങ്ങളുടെ സമ്മർദ്ദം മറികടന്ന് വലയിലെത്തിക്കുകയുമായിരുന്നു.

മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് പിഎസ്ജി വിജയം നേടിയത്. എംബാപ്പെ, ചൂപോ മോട്ടിംഗ് എന്നിവർ രണ്ടു ഗോൾ വീതം നേടിയപ്പോൾ നെയ്മർ, ഇകാർഡി, സോഹ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ലെ ഹാവ്റെയെ ഒൻപതു ഗോളിനു തകർത്ത പിഎസ്ജി ചാമ്പ്യൻസ് ലീഗിനുള്ള തയ്യാറെടുപ്പുകൾ ഗംഭീരമായാണ് പൂർത്തിയാക്കുന്നത്.

അതേ സമയം വാസ്ലാൻറിന്റെ കേളീശൈലിയെ മത്സരശേഷം നെയ്മർ വിമർശിച്ചു. സൗഹൃദ മത്സരമെന്നതു നോക്കാതെ കടുത്ത രീതിയിൽ കളിച്ച ടീമിനെതിരെ പരിക്കേൽക്കുമെന്ന പേടിയുണ്ടായിരുന്നുവെന്നും ഈ രീതി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നെയ്മർ ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അറ്റലാന്റയെയാണ് പിഎസ്ജി നേരിടുന്നത്.