40ാം വയസ്സില്‍ അത്ഭുതം കാട്ടി ഹഫീസ്, എന്നിട്ടും നിര്‍ഭാഗ്യം വേട്ടയാടി

ന്യൂസീലന്‍ഡിനെതിരെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും പാക്കിസ്ഥാന് കൂറ്റന്‍ തോല്‍വി. ഹാമില്‍ട്ടനില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ ഒന്‍പത് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിന് സ്വന്തമാക്കി.

കരിയറിലെ ആദ്യ സെഞ്ചുറി വെറും ഒരു റണ്ണിന് നഷ്ടമായ വെറ്ററന്‍ താരം മുഹമ്മദ് ഹഫീസിന്റെ മികവില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം, നാലു പന്തും ഒന്‍പതു വിക്കറ്റും ബാക്കിനിര്‍ത്തി ന്യൂസീലന്‍ഡ് മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസീലന്‍ഡ് സ്വന്തമാക്കി. നാലു വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന്‍ ഇന്നിങ്‌സിന് കടിഞ്ഞാണിട്ട ടിം സൗത്തിയാണ് കളിയിലെ കേമന്‍.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പടനയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സീഫര്‍ട്ടാണ് ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ വിജയശില്‍പി. ഓപ്പണറായെത്തിയ സീഫര്‍ട്ട്, 63 പന്തില്‍ എട്ടു ഫോറും മൂന്നു സിക്‌സും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 42 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ വെറും 95 പന്തില്‍നിന്ന് 129 റണ്‍സ് അടിച്ചെടുത്താണ് സീഫര്‍ട്ട് വില്യംസന്‍ സഖ്യം ടീമിനെ വിജയത്തിലെത്തിച്ചത്. 22 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മാത്രമാണ് കിവീസ് നിരയില്‍ പുറത്തായത്. ഫഹീം അഷ്‌റഫാണ് ഗപ്ടിലിനെ പുറത്താക്കിയത്.

നേരത്തെ, 40ാം വയസ്സില്‍ ട്വന്റി20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ മുഹമ്മദ് ഹഫീസിന്റെ മികവിലാണ് പാക്കിസ്ഥാന്‍ ആദ്യം ബാറ്റു ചെയ്ത് 163 റണ്‍സെടുത്തത്. 57 പന്തുകള്‍ നേരിട്ട ഹഫീസ്, 10 ഫോറും അഞ്ച് സിക്‌സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്തില്‍ സിക്‌സറടിച്ച് 99ല്‍ എത്തിയ ഹഫീസിന്, നിര്‍ഭാഗ്യം കൊണ്ടാണ് രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചുറി നഷ്ടമായത്. ഹഫീസിനു പുറമെ പാക്ക് നിരയില്‍ രണ്ടക്കം കടന്നത് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ (20 പന്തില്‍ 22), ഖുഷ്ദില്‍ ഷാ (20 പന്തില്‍ 14), ഇമാദ് വാസിം (അഞ്ച് പന്തില്‍ പുറത്താകാതെ 10) എന്നിവര്‍ മാത്രം. ന്യൂസീലന്‍ഡിനായി ടിം സൗത്തി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുതു.

You Might Also Like