മണ്ടന്മാരാണ് ഇന്ത്യയില്‍ കളിനിയന്ത്രിക്കുന്നത്, രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍ കോച്ച്

ഐഎസ്എല്ലിലെ മത്സരം നിയന്ത്രിക്കുന്ന റഫറിമാര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജോര്‍ജെ കോസ്റ്റ. സ്‌പോട്‌സ് കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയിലെ മത്സരം നിയത്രിക്കുന്ന റഫറിമാര്‍ക്കെതിരെ പോര്‍ച്ചുഗീസ് പരിശീലകന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

‘എന്റെ അഭിപ്രായത്തില്‍ ഫുട്‌ബോളെന്തെന്ന് അറിയാത്ത ചില റഫറിമാര്‍ അവിടെയുണ്ട്. പ്രാഥമികമായി ഇന്ത്യയും ഐഎസ്എല്‍ അധകൃതരും ചെയ്യേണ്ടത് റഫറിയിംഗിന്റെ ഗുണമേന്മ ഉയര്‍ത്തുക എന്നതാണ്’ കോസ്റ്റ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ചെന്നൈയ്‌ക്കെതിരെ തങ്ങള്‍ തോറ്റ സംഭവം ഉദാഹരിച്ചാണ് ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ കോസ്റ്റ ആഞ്ഞടിച്ചത്.

നേരത്തേയും നിരവധി പരിശീലകര്‍ ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ രംഗത്ത് വന്നിരുന്നു. പലപ്പോഴും കളിയുടെ ഫലം തന്നെ മാറ്റിമറിയ്ക്കും വിധം മോശം റഫറിയിംഗ് ഐഎസ്എല്‍ സംഭവിക്കാറുണ്ട്.

താന്‍ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തിയേക്കാം എന്ന സൂചനയും ജോര്‍ജ് കോസ്റ്റ നല്‍കി. രണ്ട് ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും തനിക്ക് ഓഫര്‍ ലഭിച്ചിരുന്നെന്നും എന്നാല്‍ ഒരു ഐഎസ്എല്‍ ക്ലബുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോസ്റ്റ വെളിപ്പെടുത്തി.

‘രണ്ട് ഐഎസ്എല്‍ ക്ലബുകള്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ക്ലബുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. എന്താണ് പ്രെജക്ട്റ്റ് എന്ന കാര്യം ഞാന്‍ കാത്തിരിക്കുകയാണ്. അത് നല്ലൊരു പ്രെജക്ട്റ്റ് ആണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് എന്നെ ഉടന്‍ തന്നെ വീണ്ടും ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞേക്കാം’ ജോര്‍ജ് കോസ്റ്റ പറയുന്നു.

2018-19 സീസണിലാണ് ജോര്‍ജ് കോസ്റ്റ മുംബൈ എഫ്സിയുടെ പരിശീലകനായി ആദ്യമായി ഇന്ത്യയിലേക്കെത്തിയത്. ആ സീസണില്‍ മുംബൈ സിറ്റിയെ പ്ലേ ഓഫിലേക്ക് നയിക്കാനും കോസ്റ്റക്കായി. മുംബൈയെ 38 മത്സരങ്ങളില്‍ പരിശീലിപ്പിച്ച കോസറ്റ 17 വിജയവും ടീമിന് സമ്മാനിച്ചു.

മുംബൈയ്ക്ക് ഏറ്റവും അധികം ജയം സമ്മാനിച്ച പരിശീലകനായ ശേഷമാണ് കോസ്റ്റ ക്ലബ് വിട്ടത്. മുംബൈയ്ക്ക് ശക്തമായൊരു പ്രതിരോധ നിരയെ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു.

You Might Also Like