ഞെട്ടിച്ച് വീണ്ടും വില്യംസണ്‍, പാകിസ്ഥാന് ദയാവധം

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്റെ ബാറ്റിംഗ് ഫോം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഡബിള്‍ സെഞ്ച്വറി നേടിയാണ് പാകിസ്ഥാനെതിരെ വില്യംസണ്‍ ആ നേട്ടം ആഘോഷിച്ചത്.

364 പന്തില്‍ 28 ഫോര്‍ സഹിതം 238 റണ്‍സാണ് വില്യംസണ്‍ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 24ാം ശതകമാണ് വില്യംസണ്‍ തികച്ചത്.

അഞ്ച് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് വില്ല്യംസന്‍ ഒന്നാം റാങ്കില്‍ വീണ്ടുമെത്തിയത്. 2020ലെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് എന്നിവരെ പിന്തള്ളി വില്യംസന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ടെസ്റ്റില്‍ വില്യംസന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയെന്ന പ്രത്യേകതയുമുണ്ട് ക്രിസ്റ്റ്ചര്‍ച്ചിലെ ഈ ശതകത്തിന്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടിയ വില്യംസന്‍, പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശതകം സ്വന്തമാക്കി. പിന്നാലെയാണ് ഒന്നാം റാങ്കിലെത്തിയത്.

പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 659 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 362 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. വില്യംസനെ കൂടാതെ ന്യൂസിലന്‍ഡിനായി ഹെന്റി നിക്കോളാസും (157) ഡ്രായേല്‍ മിച്ചേലും (102*) സെഞ്ച്വറി നേടി.

You Might Also Like