അപമാനിച്ചവരോട് മധുരപ്രതികാരം, ആസിഫ് ഷോയില്‍ കിവീസിനെ തകര്‍ത്ത് പച്ചപ്പട

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി പാകിസ്ഥാന്‍. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ച ന്യൂസിലന്‍ഡിനെ എട്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ തകര്‍ത്തത്.

ടോസ് ഭാഗ്യം പാകിസ്ഥാനെ വീണ്ടും തുണച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 134 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

പാകിസ്ഥാനായി 33 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ് വാനാണ് ടോപ് സ്‌കോറര്‍. മികച്ച നിലയില്‍ ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് ടീം സ്‌കോര്‍ 28ല്‍ നില്‍ക്കെ ഒന്‍പത് റണ്‍സെടുത്ത നായകന്‍ ബാബര്‍ അസത്തെ നഷ്ടമായി. പിന്നീട് പാക് സ്‌കോര്‍ ഇഴഞ്ഞാണ് നീങ്ങിയത്. 8.6 ഓവറില്‍ ടീം സ്‌കോര്‍ 47ല്‍ നില്‍ക്കെ 11 പന്തില്‍ 17 റണ്‍സെടുത്ത ഫഖര്‍ സമാനും പുറത്തായി. നന്നായി തുടങ്ങിയ മുഹമ്മദ് ഹഫീസ് (11) ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ പുറത്തായത് പാകിസ്ഥാനെ ആശങ്കപ്പെടുത്തി. പിന്നാലെ ഓപ്പണര്‍ റിസ്വാനും ഇമാദ് വസീമും മടങ്ങി.

ഇതോടെ ജയം മണത്തെ കിവീസ് പ്രതീക്ഷകളെ തകര്‍ത്ത് ആറാം വിക്കറ്റില്‍ മുതിര്‍ന്ന താരം ശുഹൈബ് മാലിക്കും ആസിഫ് അലിയും തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തുകയായിരുന്നു. ശുഹൈബ് മാലിക്ക് 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സ് എടുത്തപ്പോള്‍ ആസിഫ് അലി വെറും 12 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 27 റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ടും ട്രെന്‍ഡ് ബോള്‍ട്ട്, ടിം സൗത്തി, മിച്ചല്‍ സത്‌നെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. 27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.

ആദ്യ പന്ത് മുതല്‍ ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ ന്യൂസീലന്‍ഡിനെ ഒരു ഘട്ടത്തിലും അനായാസം സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. ആറാം ഓവറില്‍, സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ ഗപ്റ്റില്‍ (17) മടങ്ങി. ഹാരിസ് റൗഫിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയാണ് കിവീസ് ഓപ്പണര്‍ മടങ്ങിയത്. 9ആം ഓവറില്‍ സഹ ഓപ്പണര്‍ ഡാരില്‍ മിച്ചലും (27) പുറത്തായി. ഇമാദ് വാസിമിനെ തുടര്‍ച്ചയായി സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ താരം ഫഖര്‍ സമാന് പിടികൊടുത്തു മടങ്ങുകയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ജെയിംസ് നീഷം (1) വേഗം പുറത്തായി. നീഷമിനെ മുഹമ്മദ് ഹഫീസ് ഫഖര്‍ സമാന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

മധ്യ ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടിയ കെയിന്‍ വില്ല്യംസണൊപ്പം ഡെവോണ്‍ കോണ്‍വേ എത്തിയതോടെയാണ് സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങിയത്. നാലാം വിക്കറ്റില്‍ 34 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇവര്‍ പങ്കാളികളായത്. 14ആം ഓവറില്‍ വില്ല്യംസണ്‍ (25) റണ്ണൗട്ടായി. മികച്ച രീതിയില്‍ കളിച്ചുവന്ന ഡെവോണ്‍ കോണ്‍വേയെ 18ആം ഓവറില്‍ ഹാരിസ് റൗഫ് ബാബര്‍ അസമിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ തന്നെ ഗ്ലെന്‍ ഫിലിപ്‌സും (13) മടങ്ങി. ഫിലിപ്‌സിനെ ഹസന്‍ അലി കൈപ്പിടിയിലൊതുക്കി. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ആം ഓവറില്‍ ടിം സീഫര്‍ട്ട് (8) ഹഫീസിനു പിടികൊടുത്ത് മടങ്ങി. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ (6) ക്ലീന്‍ ബൗള്‍ഡായി.

 

You Might Also Like