പാകിസ്ഥാനോട് നന്ദി പറഞ്ഞ് ന്യൂസിലന്‍ഡ്, ട്വിസ്റ്റുമായി ബ്ലാക്ക് ക്യാപ്‌സ്

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ പര്യടനം റദ്ദാക്കിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ഇസ്ലമാബാദ് വിട്ടിരുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ആണ് പാക്കിസ്ഥാനില്‍ നിന്ന് 34 അംഗ ന്യൂസീലന്‍ഡ് ടീം യുഎഇയിലെത്തിയത്. ഇവിടെ 24 മണിക്കൂര്‍ സെല്‍ഫ് ഐസലേഷന്‍ പൂര്‍ത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങള്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങും. ശേഷിക്കുന്ന 10 പേര്‍ ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയില്‍ത്തന്നെ തുടരും.

അതെസമയം പര്യടനം റദ്ദാക്കി പാകിസ്ഥാന് പണികൊടുത്തെങ്കിലും ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് തലവന്‍ ഡേവിഡ് വൈറ്റ്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സൗകര്യമൊരുക്കിയതിനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഡേവിഡ് വൈറ്റ് നന്ദി പറയുന്നത്.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ് ഇതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് കാണിച്ച എല്ലാ സ്‌നേഹത്തിനും കരുതലിനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും പിസിബി തലവന്‍ വസിം ഖാനും നന്ദി’ വൈറ്റ് പറഞ്ഞു.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ന്യൂസീലന്‍ഡ് ടീം ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ടോസിനു തൊട്ടുമുന്‍പായി പര്യടനം തന്നെ ഉപേക്ഷിച്ചത്. മത്സരം മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.

ന്യൂസീലന്‍ഡ് ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലന്‍ഡ് ബോര്‍ഡ് അറിയിച്ചു.

2002ല്‍ ന്യൂസീലന്‍ഡ് പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങള്‍ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. തുടര്‍ന്ന് പര്യടനം വെട്ടിച്ചുരുക്കി അവര്‍ നാട്ടിലേക്കു മടങ്ങി. 2003ല്‍ അഞ്ച് ഏകദിനങ്ങള്‍ക്കായി അവര്‍ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ പാക്കിസ്ഥാനിലേക്ക് വന്നിട്ടില്ല.

 

You Might Also Like