ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ പകരക്കാരനായി ഇറങ്ങി നാണംകെട്ടിരിക്കുകയാണ് കിവീസ് ബൗളര്‍ ജേക്കബ് ഡഫി. 10 ഓവര്‍ പന്തെറിഞ്ഞ ഡഫി മൂന്ന് വിക്കറ്റ് എടുത്തെങ്കിലും 100 റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത മൂന്നാമത്തെ ന്യൂസിലന്‍ഡ് ബൗളര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ജേക്കബ് ഡഫിയുടെ പേരിലായി.
2009ല്‍ ഇന്ത്യക്കെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 105 റണ്‍സ് വഴങ്ങിയ ടിം സൗത്തിയാണ് പട്ടികയില്‍ മുന്നില്‍.1983ല്‍ 12 ഓവറില്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ 105 റണ്‍സ് എറിഞ്ഞുനല്‍കിയ മാര്ട്ടിന് സ്നെഡെനും മാത്രമേ നാണക്കേടിന്റെ പട്ടികയില്‍ ജേക്കബ് ഡഫിക്ക് മുന്നിലുള്ളൂ.
ഇന്‍ഡോര്‍ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞവരില്‍ ലോക്കീ ഫെര്‍ഗ്യൂസനും(53 റണ്‍സ്), മിച്ചല്‍ സാന്റ്നറും(58 റണ്‍സ്) മാത്രമേ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞുള്ളൂ. ലോക്കിക്ക് 5.30 ഉം സാന്റ്നറിന് 5.80 ഉം ആയിരുന്നു ഇക്കോണമി.
10 ഓവര്‍ എറിഞ്ഞ മറ്റൊരു താരമായ ബ്ലെയര്‍ ടിക്നെര്‍ 76 റണ്‍സും നാല് ഓവറില്‍ ഡാരില്‍ മിച്ചല്‍ 41 റണ്‍സും ആറ് ഓവറില്‍ മൈക്കല്‍ ബ്രേസ്വെല് 51 റണ്‍സും വിട്ടുകൊടുത്തു. ടിക്നെറും മൂന്ന് പേരെ പുറത്താക്കി.
അതെസമയം മത്സരത്തില്‍ ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി. 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത്ത് ശര്‍മ്മയും സെഞ്ച്വറി നേടി.