യൂറോകപ്പിൽ പെനാൽറ്റികൾ കുറയും; കാരണം ഇതാ

Image 3
Euro 2020Football

യൂറോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് അനുകൂലമായ രണ്ട് പെനാൽറ്റികളാണ് റഫറി നിഷേധിച്ചത്. മത്സരത്തിൽ ഇറ്റലി ആധികാരികമായ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറിയതിനാൽ ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയില്ല. എങ്കിലും, ഇറ്റാലിയൻ ആരാധകരെങ്കിലും എന്തുകൊണ്ടാണ് ഉറച്ചതെന്ന് തോന്നിപ്പിച്ച ഹാൻഡ്‌ബോളുകൾക്ക് പെനാൽറ്റി ലഭിക്കാതിരുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടാവും.

മത്സരം നിയന്ത്രിച്ച റഫറി ഡാനി മക്കലിയെ പഴിക്കാൻ വരട്ടെ. യുവേഫയുടെ പുതിയ ‘ഹാൻഡ് ബോൾ’ നിയമമാണ് കാരണം. നേരത്തെ പെനാൽറ്റി ഏരിയയിൽ ഏതാണ്ട് എല്ലാ ഹാൻഡ്ബോളുകൾക്കും പെനാൽറ്റി ലഭിക്കുമായിരുന്നെങ്കിൽ പുതുക്കിയ നിയമം അനുസരിച്ചു മനപ്പൂർവം കളിക്കാരൻ കൈകൊണ്ട് ബോൾ തൊട്ടു എന്ന് ഉറപ്പാണെങ്കിൽ മാത്രമേ പെനാൽറ്റി വിധിക്കേണ്ടതുള്ളൂ.

കഴിഞ്ഞ ലോകകപ്പിൽ 64 മത്സരങ്ങളിൽ നിന്നും 29 പെനാൽറ്റി കിക്കുകൾ വിധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നിയമത്തിൽ പരിഷ്കരണത്തെക്കുറിച്ചു ആലോചിച്ചതെന്ന് യുവേഫ റഫറിയിങ് വിഭാഗം തലവൻ റോബർട്ടോ റോസെറ്റി പറഞ്ഞു.

പുതുക്കിയ നിയമപ്രകാരം ഒരു കളിക്കാരന്റെ കൈ മനപ്പൂർവം പന്തിന്റെ ദിശയിൽ സഞ്ചരിക്കുകയും, പന്തിന്റെ ദിശ തടസ്സപ്പെടുത്തുകയും ചെയ്‌താൽ മാത്രമേ റഫറി പെനാൽറ്റി വിധിക്കേണ്ടതുള്ളൂ. ഇതുമൂലം കളിക്കാർക്ക് ഗ്രൗണ്ടിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഇത് കളിയെ കൂടുതൽ ആസ്വാദ്യകരമാക്കുമെന്നും റോസെറ്റി കൂട്ടിച്ചേർത്തു.