പരിശീലകരെ തേടിയലഞ്ഞ് മലബാരിയന്‍സ്, ഗോകുലത്തിന്റെ പ്ലാന്‍ ബി ഇങ്ങനെ

Image 3
Football

ഐലീഗ് ടീമായ ഗോകുലം കേരള എഫ്‌സി പുതിയ പരിശീലകനെ നിയമിക്കാനുളള നെട്ടോട്ടത്തില്‍. കഴിഞ്ഞ സീസണില്‍ ഗോകുലത്തെ ഡ്യൂറന്‍സ് കപ്പ് ജേതാക്കളാക്കിയ സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ വലേരയെ ക്ലബ് പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ പരിശീലകനായി ഗോകും തിരച്ചിലാരംഭിച്ചത്.

ഫെര്‍ണാണ്ടോ വലേരയെപ്പോലെയൊരാളെ പകരക്കാരനായി കൊണ്ടുവരാനാണ് തീരുമാനം. വിദേശപരിശീലകനെ തന്നെയാണ് ടീമിന് താല്‍പ്പര്യം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ കാലയളവിലേയ്ക്ക് വിദേശ പരിശീലകനെ കൊണ്ടുവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.

അതെസമയം മുന്‍ പരിശീലകനും ഇപ്പോള്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ ബിനോ ജോര്‍ജിനെ ഒരിക്കല്‍ കൂടി ടീമിന്റെ പരിശീലകനാകുന്നതിനെ കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

അതെസമയം ടീമിന്റെ പരിശീലനം ഉടന്‍ തുടങ്ങാനാകില്ലെന്നാണ് വിലയിരുത്തല്‍. പരിശീലകനെത്തിയാലും ഉടന്‍ പരിശീലനം തുടങ്ങാനാകില്ല. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്കനുസരിച്ചാകും പരിശീലനം പുനരാരംഭിക്കുക. എങ്കിലും സെപ്റ്റംബര്‍ അവസാനത്തോടെ ടീമിന് കളത്തിലിറങ്ങാനാകുമെന്നാണ് കണക്കുകൂട്ടല്‍.

നേരത്തെ കോവിഡ് കാരണം ഐലീഗ് പാതിവഴിയിലുപേക്ഷിച്ചതിന് ശേഷം ടീം പിന്നീട് ഒരുമിച്ച് കൂടിയിട്ടില്ല. ഡ്യൂറാന്റ് കപ്പിലെ മികച്ച പ്രകടനം കഴിഞ്ഞ ഐലീഗില്‍ ആവര്‍ത്തിക്കാനാകാതെ പോയതോടെയാണ് വരേലയെ ക്ലബ് പുറത്താക്കിയത്.