ചെന്നൈ ഡ്രെസ്സിംഗ് റൂമില്‍ സംഭവിക്കുന്നതെന്ത്?, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി താഹിര്‍

Image 3
CricketIPL

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സംബന്ധിച്ച് അവര്‍ ഓര്‍ക്കാനിഷ്ടപ്പെട്ടാത്ത ഒരു സീസണാകും ഇത്തവണ കഴിഞ്ഞ് പോകുന്നത്. ഐ.പി.എല്ലില്‍ 13 സീസണുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായി പ്ലേ ഓഫില്‍ എത്താനായില്ല എന്ന നാണക്കേടുമായാണ് ചെന്നെ യുഎഇ വിടുക.

ടീമിലെ പടലപ്പിളക്കങ്ങളും താരങ്ങളുടെ പ്രായാധിക്യവുമെല്ലാമാണ് ചെന്നൈയ്ക്ക് ഈ സീസണില്‍ തിരിച്ചടിയാതെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇതിനിടെ ഈ സീസണില്‍ ചെന്നൈയ്ക്കായി ഒരു മത്സരം പോലും കളിക്കാനായില്ലെങ്കിലും ടീമിന്റെ മോശം പ്രകടനത്തില്‍ വളരെ നിരാശനാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. തന്റെ പ്രിയപ്പെട്ട ടീമിനായി സീസണില്‍ ഒരു മത്സരമെങ്കിലും കളിക്കാനാകുമെന്ന പ്രതീക്ഷ താഹിര്‍ കൈവെടിഞ്ഞിട്ടില്ല.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട ടീമാണ് ചെന്നൈ. ഏറ്റവും മികച്ച ടീമെന്ന് നിസംശയം പറയാം. ലോകത്തെ വിവിധ ടീമുകള്‍ക്കായി ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈ ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുന്ന ആദരവും കരുതലും മറ്റൊരു ടീമും നല്‍കിയിട്ടില്ല. ചെന്നൈ ആരാധകരും ഏറെ സ്‌നേഹമുള്ളവരാണ്.’

‘ചെന്നൈ ടീമിലെ അന്തരീക്ഷം ഒരല്‍പ്പം വ്യത്യസ്തമാണ്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കാറില്ല. എന്നും ടീമിലെ താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. ചെന്നൈയെ വ്യത്യസ്തമാക്കുന്നതും ഈ സമീപനം തന്നെ. ക്രിക്കറ്റില്‍ എല്ലാ കാലത്തും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ടീം മാനേജ്‌മെന്റ് ഇക്കാര്യം കൃത്യമായി മനസിലാക്കുന്നു. ഏപ്പോഴെന്ന് അറിയില്ല, എങ്കിലും ടീമിനായി സീസണില്‍ ഒരു മത്സരത്തിലെങ്കിലും ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.’ അശ്വിന്റെ ‘ഹലോ ദുബ്ബയ്യ’ യുട്യൂബ് ഷോയില്‍ താഹിര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് താഹിര്‍. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍നിന്ന് 26 വിക്കറ്റുകളാണ് താഹിര്‍ വീഴ്ത്തിയത്. സാം കറന്‍, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയവരുടെ ഓള്‍റൗണ്ട് മികവ് കൊണ്ടാണ് താഹിറിന് പുറത്തിരിക്കേണ്ടി വന്നത്. ബ്രാവോ പരിക്കേറ്റ് പുറത്തായതോടെ താഹിറിന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്.