പൊരുതി തോറ്റ് നെതര്‍ലന്‍ഡും, കിവീസ് ജയം കൊണ്ട് രക്ഷപ്പെട്ടു, ഇവരെ പേടിക്കണം
നെതര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ജയം കൊണ്ട് രക്ഷപ്പെട്ട് ന്യൂസിലന്‍ഡ്. 16 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 19.3 ഓവറില്‍ 132 റണ്‍സിന് നെതര്‍ലന്‍ഡ് കീഴടങ്ങുകയായിരുന്നു.
അച്ചടക്കത്തോടെ പന്തെറിഞ്ഞ നെതര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 45 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആണ് കിവീസ് നിരയില്‍ ടോപ് സ്‌കോറര്‍. 32 റണ്‍സെടുത്ത ജെയിംസ് നീഷാം അവരെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. വാലറ്റത്തില്‍ 10 പന്തില്‍ 19 റണ്‍സ് നേടിയ ഇഷ് സോധിയുടെ ഇന്നിംഗ്‌സും നിര്‍ണ്ണായകമായി.
നെതര്‍ലന്‍ഡിനാിയ ലോഗന്‍ വാന്‍ ബീക്ക്, ഷാരിസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റും ഫ്‌ളോയ്ഡ്, പ്രിന്‍ഗില്‍, റയാന്‍ ക്ലെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ നെതര്‍ലന്റ് നിരയില്‍ ബാസ് ഡി ലീഡ് മികച്ച രീതിയില്‍ പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്ന് താരത്തിന് പിന്തുണ ലഭിയ്ക്കാതെ പോയതാണ് തിരിച്ചടിയായത്. 53 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 66 റണ്‍സാണ് ബസ് ഡി ലീഡ് സ്വന്തമാക്കിയത്. 20 റണ്‍സ് നേടിയ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ആയിരുന്നു നെതര്‍ലാണ്ട്‌സിന്റെ രണ്ടാം ടോപ് സ്‌കോറര്‍.
ന്യൂസിലന്റിനായി ബ്ലെയര്‍ ടിക്‌നര്‍ നാലും ബെന്‍ സീര്‍സ് മൂന്നും വിക്കറ്റ് നേടി. 15/3 എന്ന നിലയിലേക്ക് വീണ ടീമിനെ ബാസിന്റെ പ്രകടനം ആണ് മുന്നോട്ട് നയിച്ചത്. 16 റണ്‍സ് വിജയത്തോടെ ന്യൂസിലാണ്ട് പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി.