കസ്റ്റംസ് പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു, ടെസ്റ്റ് മേസ് കാണിക്കാന്‍ ആവശ്യപ്പെട്ടു, കിവീസ് താരങ്ങള്‍ക്ക് സ്വന്തം നാട്ടിലുണ്ടായ അനുഭവം
നീണ്ട 21 വര്‍ഷത്തെ കിരീട വളര്‍ച്ചയ്ക്കാണ് കിവീസ് അറുതിവരുത്തിയിരിക്കുന്നത്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ന്യൂസിലന്‍ഡ് ആദ്യ ഐ സി സി കിരീടം നേടുന്നത്. അതിനുശേഷം പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം അവസാന നിമിഷങ്ങളില്‍ കാലിടറുകയായിരുന്നു കിവീസിന്റെ പതിവ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് കിവീസ് വീണ്ടുമൊരുതു ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ കിരീടം നേടി സ്വന്തം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ അനുഭവം പങ്കു വെച്ചിരിക്കുകയാണ് കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. എയര്‍പോര്‍ട്ടിലെ കസ്റ്റംസുകാരില്‍ നിന്നും ഉണ്ടായ അനുഭവമാണ് താരം ക്രിക്ക് ഇന്‍ഫോയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയതിന് പിന്നാലെ പാസ്പോര്‍ട്ട് പിടിച്ചുവെച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആദ്യം ചോദിച്ചത് ടെസ്റ്റ് മേസ് എവിടെയെന്നാണെന്ന് വാഗ്നര്‍ പറഞ്ഞു.
‘എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപാടെ കസ്റ്റംസുകാര്‍ ഞങ്ങളെയെല്ലാം അഭിനന്ദിക്കാന്‍ അടുത്തെത്തി. പിന്നീട് അവര്‍ പാസ്പോര്‍ട്ടുകള്‍ വാങ്ങിയശേഷം ടെസ്റ്റ് മേസ് എവിടെയെന്ന് തിരക്കാന്‍ തുടങ്ങി. ഒടുവില്‍ അത് കണ്ടപ്പോള്‍ അവരുടെ മുഖത്ത് ചിരി വിരിയാന്‍ തുടങ്ങി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഞങ്ങളുടെ രാജ്യത്തുള്ളവരെ സംബന്ധിച്ച് എത്രത്തോളം പ്രധാനനമാണെന്നതിന്റെ തെളിവായിരുന്നു അത്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഐ സി സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ടെസ്റ്റ് മേസ് മറ്റ് പല രാജ്യങ്ങളും സ്വന്തമാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അത് എത്ര മാത്രം വിലപ്പെട്ടതാണെന്നും. അതുകൊണ്ടുതന്നെ ഒടുവില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും അത് നേടാന്‍ കഴിഞ്ഞപ്പോള്‍ അത് എത്ര മാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടു പോലും പോലീസുകാര്‍ ടെസ്റ്റ് മേസിനൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിച്ചു. പാവം, അവര്‍ക്ക് അതിനടുത്തുനിന്ന് ചിത്രങ്ങളെടുക്കാനായില്ല.’- വാഗ്നര്‍ പറഞ്ഞു. എല്ലാവരുടെയും മുഖത്ത് ചിരി വിരിയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്നും ഇത് തങ്ങളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത കിരീടമാണെന്നും വാഗ്നര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ഇന്നിങ്സില്‍ നിന്നുമായി മൂന്ന് വിക്കറ്റുകള്‍ നീല്‍ വാഗ്നര്‍ ഫൈനലില്‍ പിഴുതിരുന്നു. ആവേശകരമായ ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയെ മറികടന്ന് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും ഫൈനലില്‍ ഇന്ത്യന്‍ ടീം പരാജയമായി മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയെത്തിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യയുടെ പ്രകടനത്തില്‍ കാണമായിരുന്നു. കിവീസിന്റെ ഉയരക്കേമന്‍ കെയ്ല്‍ ജാമിസണിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. ജാമിസണെ തന്നെയാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുത്തതും. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.