ബാലാജിയ്ക്ക് ഇമ്രാനേക്കാള്‍ ജനപ്രീതിയുണ്ടായിരുന്നു, അവരുടെ ഹൃദയം ബാലാജി കീഴടക്കിയതിങ്ങനെ

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടന്നിട്ട് വര്‍ഷങ്ങളായി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുളള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇന്ത്യ-പാക് പരമ്പരയ്ക്ക് തടസ്സമാകുന്നത്. അത് എത്രനാള്‍ ഇനി നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പാകിസ്ഥാന്‍ പര്യടനത്തിലെ മധുരസ്മരണകള്‍ ഓര്‍ക്കുകയാണ് ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റി. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുമ്പോഴാണ് നെഹ്‌റ അക്കാലം ഓര്‍ത്തെടുത്തത്.
പരമ്പരയില്‍ താരമായത് പേസര്‍ ലക്ഷ്മിപതി ബാലാജി ആയിരുന്നുവെന്ന് നെഹ്റ ഓര്‍ക്കുന്നു. വിരേന്ദര്‍ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി, രാഹുല്‍ ദ്രാവിഡിന്റെ ഇരട്ട സെഞ്ച്വറി, ഇര്‍ഫാന്‍ പത്താന്‍ ഹാട്രിക് പ്രകടനം. സംഭവബഹുലമായിരുന്നു ആ പരമ്പര. എന്നിട്ടും ആരാധാക പിന്തുണ ലഭിച്ചത് ബാലാജിക്കാണെന്നാണ് നെഹ്റ വ്യക്തമാക്കുന്നത്.
‘ആ പര്യടനത്തില്‍ ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനേക്കാള്‍ ജനപ്രീതി ബാലാജിക്കുണ്ടായിരുന്നു. പരമ്പരയിലുടനീളം ബാറ്റുകൊണ്ടും മികച്ച പ്രകടനമാണ് ബാലാജി കാഴ്ചവച്ചത്. മൂന്നാം ഏകദിനത്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം ബാലാജി 21 റണ്‍സുമായി പുറത്താകാതെ നിന്ന പ്രകടനം ശ്രദ്ധേയമായിരുന്നു’ നെഹ്‌റ ഓര്‍ക്കുന്നു.
ആ പര്യടനത്തിലെ ആറ് ആഴ്ചകളില്‍ മൈതാനത്തിന്റെ നാലുപാടുമാണ് ബാലാജി സിക്സറുകള്‍ നേടിയത്. ഇതുതന്നെയാണ് ബാലാജിയെ പാകിസ്ഥാനികള്‍ക്ക് പ്രിയങ്കരനാക്കിയത്. ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി എന്നിവര്‍ക്കെതിരെയാണ് ബാലാജി അന്ന് സിക്സ് നേടിയത്.” നെഹ്റ പറഞ്ഞു.
ജാവേദ് മിയാന്‍ദാദ് ഇന്ത്യന്‍ ടീമംഗങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് അന്ന് കഴിച്ച ഭക്ഷണത്തിന് അപാര രുചിയായിരുന്നുവെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു.