മായങ്ക് പുറത്ത്, നടരാജനേയും പരിഗണിച്ചില്ല, സര്‍പ്രൈസ് താരങ്ങളുമായി ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

Image 3
CricketTeam India

സിഡ്‌നിയില്‍ നടക്കുന്ന നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യ പ്രധാനമായും വരുത്തിയിരികുന്നത്. രണ്ടാം ടെസ്റ്റ് കളിച്ച മായങ്ക് അഗര്‍വാളും ഉമേശ് യാദവും പുറത്തായപ്പോള്‍ രോഹിത്ത് ശര്‍മ്മയും നവ്ദീപ് സൈനിയും ടീമില്‍ ഇടംപിടിച്ചു.

ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. സൈനിയുടേയും ടെസ്റ്റ് അരങ്ങേറ്റമാകും സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ്. രോഹിത്ത് ശര്‍മ്മ ഓപ്പണറായിട്ടാകും ഇന്ത്യയ്ക്കായി കളിക്കുക എന്ന് രഹാന വെളിപ്പെടുത്തി.

രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം ടെസ്റ്റിലും ടീം ഇന്ത്യ വൃധിമാന്‍ സാഹയെ പരിഗണിച്ചില്ല. യുവതാരം റിഷഭ് പന്തുതന്നെ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കും. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവര്‍ക്കാണ് ബാറ്റിങ് ചുമതല.

രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ ദൗത്യം നിര്‍വഹിക്കും. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി ത്രയം ഇന്ത്യയുടെ പേസ് തന്ത്രങ്ങള്‍ അവിഷ്‌കരിക്കും. സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ചുവടെ കാണാം.

നിലവില്‍ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സം വീതം ജയിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.

ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി