നേഷൻസ് ലീഗ്‌ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും, സ്പെയിനും ജർമനിയും നേർക്കുനേർ.

Image 3
FeaturedFootballNations League

കാലങ്ങൾക്കു ശേഷം യൂറോപ്പിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ന് ആരംഭമാവുകയാണ്. കോവിഡ് മഹാമാരിമൂലം കോപ്പ അമേരിക്കയും യൂറോ കപ്പും മുടങ്ങിയെങ്കിലും യുവേഫ നേഷൻസ് ലീഗ് മുടക്കം വരാതെ നടത്താനൊരുങ്ങുകയാണ്. യൂറോപ്പിലെ വമ്പൻമാരായ ജർമനിയും സ്പെയിനും ഇന്ന് കൊമ്പ് കോർക്കും.

യുവപ്രതിഭകളുമായി കടന്നുവരുന്ന ലൂയിസ് എൻറികെയുടെ സ്പെയിനും മറുഭാഗത്ത് താരസമ്പന്നമായ നിരയുമായി കടന്നുവരുന്ന ജോക്കിം ലോയുടെ ജർമ്മൻ പടയുമാണ് കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ്‌ നാലിലെ നടക്കുന്ന ആദ്യറൗണ്ട് മത്സരമാണിത്. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12:15 നാണ് മത്സരം.

ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്ത ബയേൺ മ്യൂണിക്, ലൈപ്സിഗ് താരങ്ങൾക്ക് ജോകിം ലോ വിശ്രമം നൽകിയിട്ടുണ്ട്. അതിനാൽ മാനുവൽ ന്യൂയർ, ഗോറെട്സ്ക്ക, കിമ്മിച്ച്, സെർജി ഗ്നാബ്രി എന്നീ സൂപ്പർ താരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിച്ചേക്കില്ല. മറുഭാഗത്ത് റാമോസ്, ബുസ്ക്കെറ്റ്സ് എന്നീ പരിചയസമ്പന്നരായ താരങ്ങളുടെ നേതൃത്വത്തിലായിരിക്കും സ്പെയിൻ കളത്തിലിറങ്ങുക.

ആകെ ഇരുപത്തിമൂന്ന് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒമ്പതു തവണ വിജയം ജർമനിക്കും ഏഴ് തവണ വിജയം സ്പെയിനിനുമായിരുന്നു. ഈ മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ ജർമനി നേടിയപ്പോൾ സ്പെയിൻ നേടിയത് 24 ഗോളുകളാണ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടിലും സ്പെയിൻ ജയം നേടിയപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളെയും കൂടാതെ സ്വിറ്റ്സർലാന്റ്, ഉക്രൈൻ എന്നിവരാണ് ഗ്രൂപ്പ്‌ നാലിൽ ഉള്ളത്.