അവനൊരു പോരാളിയായിരുന്നു, ക്രൈസ്റ്റചര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ തീപിടിയ്ക്കുകയായിരുന്നു

Image 3
CricketTeam India

ശ്യാം അജിത്ത്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം, ഇംഗ്ലണ്ടില്‍ എവിടെയോ ഒരു തിയേറ്ററില്‍ ഒരു നിശബ്ദ നാടകം അരങ്ങേറുകയായിരുന്നു. സ്ഥിരം കണ്ടുമടുത്ത രംഗങ്ങളിലൂടെ കടന്നു പോയതിനാലാകാം കാണികള്‍ പതിയെ കസേരകള്‍ വിട്ടു പോകാന്‍ തുടങ്ങി. പെട്ടന്നായിരുന്നു വേദിയിലെ അഭിനേതാവില്‍ നിന്നും ഒരു ശബ്ദം മുഴങ്ങിയത്. ‘അയ്യോ ആരും പോകല്ലേ’. പതിവില്ലാതെ ഉയര്‍ന്ന ആ ശബ്ദം കാണികളെ പതിയെ തങ്ങളുടെ കസേരകളില്‍ തിരികെയെത്തിച്ചു. കൗതുകപൂര്‍വ്വം അവരാ നാടകം പൂര്‍ത്തിയാക്കി. അങ്ങനെയാണത്രെ ശബ്ദചലച്ചിത്രമെന്ന ആശയത്തിന് ജീവന്‍ വച്ചത് !.

മേല്‍പറഞ്ഞ കഥയും ക്രിക്കറ്റുമായി എന്താണ് ബന്ധം ?. ആസ്വാദകരുടെ കൗതുകം മുതലെടുക്കുവാന്‍ എക്കാലവും ക്രിക്കറ്റ് ശ്രമിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിറമില്ലാത്ത ലോകത്തു നിന്നും നമ്മെ ഏകദിന ക്രിക്കറ്റിന്റെ വര്‍ണങ്ങളിലേക്കു കൈപിടിച്ചു നടത്തിയ കെറി പാര്‍കര്‍ മുതല്‍ ക്യാപ്‌സ്യൂള്‍ പരുവത്തില്‍ ടി20 ക്രിക്കറ്റിന്റെ അതിവേഗതയിലുള്ള ആവേശത്തിന്റെ മധുരം നമുക്കു സമ്മാനിച്ച വര്‍ണശബളമായ ലീഗുകള്‍ വരെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ടല്ലോ. അവയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായി ടെസ്റ്റ് ക്രിക്കറ്റ് ഒരുപാടു ബുദ്ധിമുട്ടുന്നുമുണ്ട്. നേരം കൊല്ലി കളിയില്‍ നിന്നും ഒട്ടേറെ മുന്നേറിയ ക്രിക്കറ്റിന്റെ ‘മരിച്ചുകൊണ്ടിരിക്കുന്ന’ പ്രാകൃതരൂപത്തിന്റെ ചാരത്തില്‍ നിന്നും ചില തീപ്പോരികള്‍ ജന്മമെടുക്കാറുണ്ട്.

അത്തരമൊരു തീപ്പോരിയായിരുന്നു ക്രൈസ്റ്റചര്‍ച്ച് നഗരത്തിലെ പുല്‍മൈതാനിയില്‍ നാഥന്‍ ആസില്‍ എന്ന ന്യൂസിലാന്‍ഡ് ബാറ്‌സ്മാന്റെ ബാറ്റില്‍ നിന്നും ചിതറിയ 222 റണ്ണുകള്‍ .

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി എന്നതിനേക്കാള്‍ ആസിലിന്റെ പ്രകടനത്തെ വേറിട്ടു നിര്‍ത്തുന്നത് ആ റണ്ണുകള്‍ ഒഴുകിയ സാഹചര്യമാണ്, ടീം ഒരു വന്‍ തോല്‍വിയെ അഭിമുഖീകരിക്കുമ്പോള്‍ ഒരു പക്ഷേ ഒരു സമനിലയ്ക്കു വിദൂരമായ സാധ്യത നിലനില്‍ക്കുമ്പോള്‍ വിജയമെന്ന സ്വപ്നത്തിലേക്ക് നിര്‍ഭയം ബാറ്റു വീശുക . ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അങ്ങനെയൊരു സാഹസത്തിനു ശ്രമിച്ചിരിക്കുക ന്യൂസിലാന്‍ഡ് മാത്രമായിരിക്കും, അതിനു ചുക്കാന്‍ പിടിച്ചിരിക്കുക നാഥന്‍ ജോണ്‍ ആസിലും.

2002 മാര്‍ച്ച് 13നു ആരംഭിച്ച ന്യൂസിലന്‍ഡ് – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനങ്ങള്‍ ബൗളെര്‍മാരുടേതായിരുന്നു. കെയിന്‍സിന്റെയും ഡ്രമ്മിന്റെയും മൂന്നു വിക്കറ്റ് പ്രകടനങ്ങളില്‍ ആദ്യ ദിനം വെറും 228 റണ്ണുകളില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് അവസാനിച്ചു. ഒരു വന്‍ ഒന്നാമിന്നിങ്സ് ലീഡ് പ്രതീക്ഷിച്ചു ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് പക്ഷേ പിഴച്ചു. മാത്യു ഹോഗ്ഗാര്‍ഡ് എന്ന ഫാസ്റ്റ് ബൗളറുടെ വേഗതയ്ക്കു മുന്നില്‍ അടിപതറിയ കിവീസിന്റെ സ്‌കോര്‍ 147ല്‍ നില്‍കുമ്പോള്‍ അവസാന ബാറ്‌സ്മാനും പവലിയനില്‍ തിരിച്ചെത്തി. വെറും 63 റണ്ണുകള്‍ വഴങ്ങി ഏഴു കിവി ബാറ്‌സ്മാന്മാരുടെ തലയരിഞ്ഞ ഹോഗ്ഗാര്‍ഡ് ഏതാണ്ട് ഒറ്റയ്ക്കുതന്നെ ആതിഥേയരുടെ ഒന്നാമിന്നിങ്‌സിന് തിരശീലയിട്ടു.

ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്സുകള്‍ അവസാനിച്ചപ്പോള്‍ 81 റണ്ണുകളുടെ വ്യക്തമായ മേധാവിത്വം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. ഇതു മുതലാക്കാനായി രണ്ടാമിന്നിങ്‌സിന്റെ തുടക്കം മുതല്‍ സ്‌കോറിങ് വേഗത്തിലാക്കാന്‍ ഇംഗ്ലീഷ് ബാറ്റസ്മാന്‍മാര്‍ ശ്രമിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കിവീസ് ബൗളര്‍മാര്‍ പ്രതികരിച്ചതോടെ 106 റണ്‍സിന് 5 വിക്കറ്റുകള്‍ എന്ന നിലയിലായി ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ്.

പക്ഷേ ക്രൈസ്‌റ്ചര്‍ച്ചിലെ പിച്ചിന്റെ സ്വഭാവം മാറുവാന്‍ തുടങ്ങിയിരുന്നു. ബാറ്‌സ്മാനെ ഭയപ്പെടുത്തി കീപ്പറുടെ കൈകളില്‍ വിശ്രമിച്ചിരുന്ന പന്തുകള്‍ പതിയെ ശാന്തത കൈവരിക്കാന്‍ തുടങ്ങി. ഗ്രഹാം തോര്‍പ്പ് എന്ന മികച്ച ടെസ്റ്റ് ബാറ്‌സ്മാനും ആന്‍ഡ്രൂ ഫ്‌ലിന്റോഫ് എന്ന സമീപകാലത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറും ചേര്‍ന്നു ആ പന്തുകളെ അതിര്‍ത്തിവര കടത്താന്‍ തുടങ്ങിയതോടെ ഏതാണ്ടെല്ലാ ന്യൂസിലന്‍ഡ് ബൗളര്‍മാരും ഇരുവരുടെയും ബാറ്റിന്റെ ചൂടറിഞ്ഞു. അക്കാലത്തു ഏകദിന മത്സരങ്ങളില്‍ പോലും അസാധാരണമായിരുന്ന അഞ്ചു റണ്‍ ശരാശരിയില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് കുതിച്ചു പാഞ്ഞു. ഇരട്ട സെഞ്ചുറി നേടിയ തോര്‍പ്പിന്റെയും സെഞ്ചുറി നേടിയ ഫ്‌ലിന്റോഫിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 468 രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

രണ്ടു ദിവസത്തോളം കളി ബാക്കി നില്‍ക്കേ 550 റണ്ണുകള്‍ എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനും സംഘത്തിനും മുന്നില്‍ വച്ചു നീട്ടിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒരു പരാജയം ഏതാണ്ടുറപ്പായിരുന്നുവെങ്കിലും എങ്ങനെ അതേറ്റുവാങ്ങണം എന്നായിരിക്കാം ഫ്‌ലെമിംഗ് ഇടവേള സമയത്തു ചിന്തിച്ചിരിക്കുക. പക്ഷേ നാഥന്‍ ആസില്‍ എന്ന പോരാളിക്ക് രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു. തന്റെ ജന്മനാട്ടില്‍ ഒരു ഭീരുവിനെപ്പോലെ കീഴടങ്ങാന്‍ അയാള്‍ക്കാകുമായിരുന്നില്ല. തിളയ്ക്കുന്ന മനസ്സുമായി അയാള്‍ പവലിയനില്‍ തന്റെ ഊഴം കാത്തിരുന്നു.

നാല്പത്തിമൂന്നാം ഓവറില്‍ റിച്ചാര്‍ഡ്‌സണ്‍ കിവീസിന്റെ മൂന്നാം വിക്കറ്റിന്റെ രൂപത്തില്‍ പുറത്താകുമ്പോള്‍ വെറും 119 റണ്ണുകള്‍ മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പകരമെത്തിയ ആസില്‍ പതിയെ താളം കണ്ടെത്താന്‍ തുടങ്ങി. ഹൊഗ്ഗര്‍ഡിന്റെ നാല്‍പത്തഞ്ചാം ഓവറില്‍ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികള്‍ നേടി ആസില്‍ തന്റെ റണ്‍വേട്ടയ്ക്കു തുടക്കമിട്ടു. ആദ്യ ഇന്നിങ്‌സില്‍ തന്റെ ടീമിനെ തകര്‍ത്തെറിഞ്ഞ ഹോഗ്ഗാര്‍ഡും കാഡിക്കുമായിരുന്നു ആസിലിന്റെ പ്രധാന ഇരകള്‍. ഇരുവരെയും തുടര്‍ച്ചയായി അതിര്‍ത്തിവര കടത്തുന്നതില്‍ അയാള്‍ ഒരു പ്രത്യേക ആനന്ദം കണ്ടെത്തി. ഇതിനിടെ ഫ്‌ലെമിംഗ് പുറത്തായെങ്കിലും ആസില്‍ ചെറുത്തുനില്‍പ് തുടര്‍ന്നു. പകരമെത്തിയ മാക്മില്ലനെയും പരോരെയും രണ്ടോവറുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടതോടെ 252 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലായി കിവീസ്. വെറ്റോറിയെ കൂട്ടുപിടിച്ചു വ്യക്തിഗത സ്‌കോര്‍ നൂറു കടത്തിയെങ്കിലും 300 റണ്‍സില്‍ നില്‍കേ വെറ്റോറിയെയും ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്തതോടെ എട്ടാമനായി ഡ്രമ്മിനെയും കിവികള്‍ക്കു നഷ്ടമായി.

എങ്കിലും പൊരുതാന്‍ തന്നെയായിരുന്നു ആസിലിന്റെ തീരുമാനം, തനിക്കേറ്റവും പ്രിയപ്പെട്ട പ്രദേശങ്ങളായ പോയന്റിലൂടെയും കവറിലൂടെയും അദ്ദേഹം യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തി. മാത്യു ഹൊഗ്ഗര്‍ഡിന്റെ ഒരോവറില്‍ നാലു തവണയാണ് പന്ത് അതിര്‍ത്തി കടന്നത്. തൊട്ടടുത്ത ഫ്‌ലിന്റോഫിന്റെ ഓവറില്‍ മൂന്നു തവണയും !. ഹൊഗ്ഗര്‍ഡിനു പകരമെത്തിയ കാഡിക്കിന്റെ പന്തില്‍ ഒന്‍പതാമനായി ബട്‌ലര്‍ പുറത്തായതോടെ ന്യൂസിലാന്‍ഡ് കാണികളും ഫ്‌ലെമിങും ഒന്നുകൂടി ആശയക്കുഴപ്പത്തിലായി. കാരണം ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ പരിക്കേറ്റു പുറത്തുപോയ ക്രിസ് കൈന്‍സ് മാത്രമായിരുന്നു കിവി ബാറ്റിംഗ് നിരയില്‍ അവശേഷിച്ചിരുന്നത്. ഇരുനൂറിലേറെ റണ്ണുകള്‍ അകലെയുള്ള ഒരു ലക്ഷ്യത്തിനു വേണ്ടി കൈന്‍സിന്റെ പരിക്കു വഷളാക്കുവാന്‍ ഒരിക്കലും ഫ്‌ലെമിങ് ആഗ്രഹിച്ചിരുന്നില്ല.

പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചിലെ കാണികളെപ്പോലെ തന്നെ കൈന്‍സും ആ ഇന്നിംഗ്സിനെ ആരാധിച്ചിരിക്കാം. കാണികളുടെ കരഘോഷങ്ങള്‍ക്കിടയിലൂടെ അവസാന ബാറ്‌സ്മാനായി കൈന്‍സ് പിച്ചിലേക്കു വരുമ്പോള്‍ കാണികള്‍ക്കൊപ്പം ഇംഗ്ലീഷ് കളിക്കാരും സന്തോഷിച്ചിരിക്കാം കാരണം അത്രയേറെ ആനന്ദം പകരുന്നതായിരുന്നു ആ ബാറ്റിംഗ് വിരുന്ന.

ഹൊഗ്ഗര്‍ഡിന്റെ അടുത്ത ഓവറില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പതിനെട്ടു റണ്‍സ്, തൊട്ടടുത്ത കാഡിക്കിന്റെ ഓവറില്‍ രണ്ടുവീതം സിക്‌സറുകളും ഫോറുകളുമായി ഇരുപതു റണ്‍സുകള്‍ .

ഈ കാലഘട്ടത്തില്‍ ഒരു ടി20 മത്സരത്തില്‍ പോലും കാണാന്‍ സാധിക്കാത്ത വേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചു പാഞ്ഞു. ഒടുവില്‍ ആഷ്ലി ഗൈല്‍സിനെതിരെ സിംഗിള്‍ നേടി ആസില്‍ തന്റെ ഇരട്ടശതകം പൂര്‍ത്തിയാക്കി. വെറും 153 പന്തുകളില്‍ നിന്നുമാണ് അദ്ദേഹം ആ മാന്ത്രികസംഖ്യയിലെത്തിയത്. 114 പന്തുകളില്‍ നിന്നും ആദ്യ ശതകം പൂര്‍ത്തിയാക്കിയ ആസിലിനു തന്റെ രണ്ടാം സെഞ്ചുറിക്കായി നേരിടേണ്ടി വന്നത് വെറും മുപ്പത്തിയൊന്പത് പന്തുകള്‍ മാത്രമായിരുന്നു.

ആക്രമണം എന്ന ഇരുതല മൂര്‍ച്ചയുള്ള വാളിലൂടെയായിരുന്നു ഇന്നിംഗ്‌സ് മുഴുവനും നാഥന്‍ ആസില്‍ സഞ്ചരിച്ചത് ഒടുവില്‍ അതു തന്നെ ആ ഇന്നിങ്‌സിനു വിരാമമിട്ടു. ഹൊഗ്ഗര്‍ഡിന്റെ ഓവറില്‍ ഒരു പടുകൂറ്റന്‍ സിക്‌സെറിനു ശേഷം ഒരു വൈഡ് ബോളിനു പിറകെ പോയ ആസില്‍ വിക്കെറ്റ് കീപ്പറിനു ക്യാച്ച് നല്‍കി അവസാന ബാറ്‌സ്മാനായി പുറത്താകുമ്പോള്‍ ന്യൂസിലണ്ടിനു ജയം വെറും 99 റണ്ണുകള്‍ മാത്രം അകലെയായിരുന്നു.

അവസാന വിക്കറ്റിന്റെ ആശ്വാസവും ജയത്തിന്റെ ആഹ്ലാദവും പങ്കിടാനായി സഹതാരങ്ങള്‍ക്കരികിലേക്കു പോകുന്നതിനു മുന്നേ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ ഓടിയെത്തിയത് ആസിലിനെ അഭിനന്ദിക്കാനായിരുന്നു. മഹാമേരുവായി നിന്ന ഒരു ലക്ഷ്യത്തിനു മുന്നില്‍ ഒട്ടുംതന്നെ ഭയപ്പാടില്ലാതെ സധൈര്യം പോരാടിയ ആ മനുഷ്യനു മുന്നില്‍ ഇംഗ്ലണ്ടിന്റെ വിജയം വളരെ ചെറുതായി തോന്നി. കാണികളുടെ കരഘോഷത്തിന്റെ അകമ്പടിയോടെ പവലിയനിലേക്ക് നടക്കുമ്പോള്‍ ഉയര്‍ന്നു നിന്നിരുന്ന അദ്ദേഹത്തിന്റെ ബാറ്റ് നമ്മെ ഒന്നോര്‍മിപ്പിച്ചിരുന്നു…

‘പോരാടുവാനുള്ള മനസ്സുണ്ടെങ്കില്‍ ഏതു ലക്ഷ്യവും അകലെയല്ല, നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയെ തടയാന്‍ കഴിയുക നമ്മിലെ പരാജയഭീതിക്കു മാത്രമാണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍