നടരാജനെ വേട്ടയാടുന്നത് ദൗര്‍ഭാഗ്യം, ഐപിഎല്ലും ഇനി കളിയ്ക്കാനാകില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്ലിലൂടെ കളത്തിലേക്ക് തിരിച്ചെത്താമെന്ന മോഹമാണ് വൃഥാവിലായത്. പരിക്കേറ്റതിനാല്‍ ഏറെ നാളായി കളത്തിന് പുറത്തായ നടരാജന് ഇതോടെ ഇനി തിരിച്ചുവരവിന് ഏറെ നാള്‍ കാത്തിരിക്കണം. നേരത്തെ നടരാജനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കും പരിഗണിച്ചിരുന്നില്ല.

നടരാജന്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല. നടരാജനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്‍, ലൊജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേഡ്കര്‍ നെറ്റ് ബൗളര്‍ പെരിയസാമി ഗണേശന്‍ എന്നിവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെല്ലാം കൊവിഡ് നെഗറ്റീവാണ്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് നടരാജന് കൊവിഡ് പോസിറ്റീവായത്.

അതെസമയം കോവിഡ് ഭീഷണിയ്ക്കിടയിലും സണ്‍റൈസേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുന്നുണ്ട്. ടോസ് നേടിയ സണ്‍റൈസസ് ഹൈദരാബാദ് ബാറ്റ് ചെയ്യുകയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

നേരത്തെ കോവിഡ് ഭീഷണി മൂലമാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാം ഘട്ടത്തില്‍ വീണ്ടും കോവിഡ് ഭീഷണി ഉയരുന്നത് ബിസിസിഐ ആശങ്കയോടെയാണ് നോക്കികാണുന്നത്.

You Might Also Like