നാപോളി സൂപ്പർതാരത്തിനു പരിക്ക്, ബാഴ്സക്ക് ആശ്വാസവാർത്ത

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന ബാഴ്സക്ക് ആശ്വാസ വാർത്തയായി ഇറ്റാലിയൻ ക്ലബിന്റെ മുന്നേറ്റനിര താരമായ ലൊറൻസോ ഇൻസിനേക്കു പരിക്ക്. ലാസിയോക്കെതിരായ സീരി എ മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. മത്സരത്തിൽ നാപോളിയുടെ ഒരു ഗോൾ നേടിയത് ഇൻസിനെ ആയിരുന്നു.

താരത്തിന്റെ വലതു തുടയിൽ മത്സരത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും വരുന്ന ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുമെന്നും അതിനു ശേഷമേ മത്സരത്തിനിറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്നും നാപോളി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സീസണിൽ 12 ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന്റെ അഭാവം നാപോളിക്ക് വലിയ തിരിച്ചടി തന്നെയാണ്‌.

ഇരു ടീമുകൾക്കും രണ്ടാം പാദ മത്സരത്തിൽ തുല്യ സാധ്യതയാണുള്ളത്. നിലവിൽ രണ്ടു ടീമുകളും മോശം ഫോമിലാണെങ്കിലും അവസാന മത്സരങ്ങളിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചത് മത്സരത്തിന് ആവേശം നൽകുന്നു. ആദ്യപാദത്തിൽ നാപോളിയുടെ മൈതാനത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

അതേ സമയം പരിക്കിന്റെയും സസ്പെൻഷനുകളുടെയും പ്രശ്നം ബാഴ്സക്കുമുണ്ട്. ഗ്രീസ്മൻ, ഡെംബലെ, ലെങ്ലറ്റ് എന്നിവർ പരിക്കു മാറി പരിശീലനം ആരംഭിച്ചിട്ടേയുള്ളു. അറാഹോ പരിക്കു മൂലം മത്സരത്തിൽ കളിച്ചേക്കില്ല. മധ്യനിരയിൽ വിദാൽ, ബുസ്ക്വസ്റ്റ്സ് എന്നിവർക്കു സസ്പെൻഷൻ ലഭിച്ചതും ബാഴ്സക്ക് തിരിച്ചടിയാണ്.