എന്ത് വിലകൊടുത്തും ബാഴ്‌സയെ തകർക്കും, മുന്നറിയിപ്പുമായി നാപോളി മിഡ്‌ഫീൽഡർ

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ പുനരംഭിക്കുകയാണല്ലോ. പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് ഇറ്റലിയന്‍ ക്ലബ് നാപോളിയെയാണ് നേരിടേണ്ടത്. കൊറോണ മഹാമാരിയ്ക്ക് മുമ്പ് നടന്ന ആദ്യപാദത്തില്‍ നാപോളി അവരുടെ ഹോം ഗ്രൗണ്ടില്‍ ബാഴ്‌സലോണയെ 1-1ന് സമനിലയില്‍ കരുക്കിയിരുന്നു. 

ഇതോടെ രണ്ടാം പാദ മത്സരത്തിനായി വലിയ ഒരുക്കത്തിലാണ് ഇറ്റലി ക്ലബ്. ഏത് വിധേനയും ബാഴ്‌സയെ തകര്‍ക്കാനുളള നീക്കത്തിലാണ് തങ്ങളെന്നാണ് നാപോളി മിഡ്ഫീല്‍ഡര്‍ ഡീഗോ ഡെമ്മെ പറയുന്നത്. മികച്ച ക്ലബ്ബുകളിലൊന്നായ ബാഴ്സയെ തങ്ങളുടെ സ്റ്റേഡിയത്തില്‍ സമനിലയില്‍ തളക്കാന്‍ സാധിച്ചുവെന്നും മികച്ച ഏതു ക്ലബ് വന്നാലും ഞങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നുമാണ് നാപോളി മിഡ്ഫീല്‍ഡര്‍ ഡീഗോ ഡെമ്മേ അവകാശപ്പെട്ടത്.

കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് റെഡ് ബുള്‍ ലെയ്പ്സിഗില്‍ നിന്നും നാപോളിയിലേക്ക് ഡെമ്മെ കൂടുമാറിയത്. അതിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഡെമ്മെക്ക് കഴിഞ്ഞിരുന്നു. ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന നാപോളി ബാഴ്സക്ക് കനത്തവെല്ലുവിളിയുയര്‍ത്തുമെന്നതില്‍ സംശയമില്ല.

പുതിയ ചാമ്പ്യന്‍ലീഗ് നിയമങ്ങളനുസരിച്ച് കോവിഡ് കാരണം ക്വാര്‍ട്ടര്‍ മുതല്‍ ഒരു പാദം മാത്രമേ കളിക്കേണ്ടതുള്ളൂ. ബാഴ്സയുമായി ജയിച്ചു കഴിഞ്ഞാല്‍ ക്വാര്‍ട്ടറില്‍ പോര്‍ട്ടുഗലില്‍ വെച്ച് ചെല്‍സിയോ ബയേണ്‍ മ്യൂണിക്കോ ആയിരിക്കും നാപോളിക്ക് നേരിടേണ്ടി വരിക.

ഗെന്നാരോ ഗട്ടൂസോയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നാപോളി യുവന്റസിനെ തകര്‍ത്ത് കോപ്പ ഇറ്റാലിയ കിരീടം കരസ്ഥമാക്കിയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണു നാപോളി യുവന്റസിനെ തകര്‍ത്തത്.

കോപ്പ ഇറ്റാലിയ നേടാനായതില്‍ വളരെ സന്തോഷമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ലീഗ് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലുമാണ് കൂടുതല്‍ ശ്രദ്ധയെന്നും ഡെമ്മെ പറയുന്നു. ചാമ്പ്യന്‍സ്ലീഗില്‍ ബാഴ്സയുടെ അതേ മികവോടെ ഞങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഫുട്‌ബോളില്‍ എല്ലാം സാധ്യമാണെന്നും ബാഴ്സയെയും തോല്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഡീഗോ ഡെമ്മെ കൂട്ടിച്ചേര്‍ത്തു

You Might Also Like