ബാഴ്സ ശവക്കല്ലറയിലേക്കു നടത്തിക്കും, മുന്നറിയിപ്പു നൽകി നാപോളി പരിശീലകൻ

Image 3
FeaturedFootball

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബാഴ്സയെ നേരിടാനൊരുങ്ങുന്ന നാപോളി താരങ്ങൾക്കു മുന്നറിയിപ്പു നൽകി പരിശീലകൻ ഗട്ടൂസോ. ബാഴ്സയെ വില കുറച്ചു കാണുന്നത് ശവക്കല്ലറയിലേക്കു നടക്കുന്നതിനു സമാനമാണെന്നാണ് ഗട്ടൂസോയുടെ അഭിപ്രായം. സാസുവോളക്കെതിരായ സീരി എ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രണ്ടാഴ്ചകൾക്കു ശേഷം നാപോളിയെ ചരിത്രത്തിലേക്കാണു നമ്മൾ നയിക്കാൻ പോകുന്നതെന്നും അതിനു വേണ്ടി പ്രകടനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും താരങ്ങളോടു ഞാൻ പറഞ്ഞിരുന്നു. ഇതു വരെയും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എത്താൻ കഴിഞ്ഞിട്ടില്ലാത്ത നാപോളിയെ ആ ചരിത്ര നേട്ടത്തിലെത്തിക്കാനുള്ള സുവർണാവസരമാണ് താരങ്ങൾക്കുള്ളത്.”

“സാസുവോളക്കെതിരെ അതിന്റെ പ്രതിഫലനമെന്ന രീതിയിൽ മികച്ച പ്രകടനം ടീം നടത്തി. എന്നാൽ എല്ലാവരെയും മറികടന്നു മുന്നേറാനും ഗോൾ നേടാനുള്ള പാസുകൾ നൽകാനും കഴിവുള്ള മെസി ബാഴ്സയിലുണ്ട്. അവർ മോശം ഫോമിലാണെന്നു കരുതിയാൽ അതു ആശുപത്രിയിലേക്കോ ശവക്കല്ലറയിലേക്കോ ടീമിനെ നയിക്കുന്നതിനു തുല്യമാണ്.” ഗട്ടൂസോ ഓർമിപ്പിച്ചു.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ടു ജയം മാത്രം നേടിയ നാപോളി മോശം ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ വിജയം നേടി ബാഴ്സക്കെതിരായ തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.