താരലേലത്തിന് മുമ്പ് ഞെട്ടിച്ച് മറ്റൊരു ഇന്ത്യന്‍ താരവും, ഒരൊറ്റ കളിയില്‍ അടിച്ചത് 17 സിക്‌സര്‍

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അതേ ദിവസം മറ്റൊരു താരം കൂടി എന്നും ഓര്‍ത്തുവെക്കുന്ന ഒരു പ്രകടനം നടത്തി. മേഘാലയയുടെ നായകന്‍ പുനീത് ബിഷ്ടും ആണ് വെടിക്കെട്ട് സെഞ്ച്വറി നേടിയത്.

51 പന്തില്‍ 146 റണ്‍സ് ആണ് ഇവിടെ പുനീത് അടിച്ചുകൂട്ടിയത്. ഇതില്‍ 17 സിക്‌സുകളും ആറ് ബൗണ്ടരികളും ഉള്‍പ്പെട്ടു എന്നതാണ് ഏറെ ശ്രദ്ധേയം. ടി20 ക്രിക്കറ്റില്‍ ഒരൊറ്റ മത്സരത്തില്‍ ഇത്രയും കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന താരം എന്ന റെക്കോര്‍ഡ് പുനീത് തന്റെ പേരിലാക്കി.

ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്. ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുംബൈക്കെതിരെ കണ്ടെത്തിയത്.

286.27 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു പുനീതിന്റെ കളി. 253.70 എന്ന സ്ട്രൈക്ക്റേറ്റില്‍ 9 ഫോറും 11 സിക്സും പറത്തിയായിരുന്നു അസ്ഹറുദ്ദീന്റെ വെടിക്കെട്ട്. മിസോറാമിന് എതിരെയായിരുന്നു മേഘാലയ നായകന്റെ വെടിക്കെട്ട് എങ്കില്‍ കുല്‍ക്കര്‍ണി നേതൃത്വം നല്‍കിയ കരുത്തരായ മുംബൈയെയാണ് അസ്ഹറുദ്ദീന്‍ അടിച്ചു പറത്തിയത് എന്നത് കേരള താരത്തിന്റെ ഇന്നിങ്സിന് മുന്‍തൂക്കം നല്‍കുന്നു.

ഇതോടെ ഐപിഎല്‍ താരലേലത്തിലെ പ്രധാന താരങ്ങളായി മാറാനുളള സാധ്യതയാണ് പുനിത്തിനും അസ്ഹറുദ്ദീനും കൈവന്നിരിക്കുന്നത്. അടുത്ത മാസമാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.

You Might Also Like