എന്റെ കരിയര്‍ മാറ്റിമറിച്ചത് ആ ഇന്ത്യന്‍ താരത്തിന്റെ ഉപദേശം, വന്‍ വെളിപ്പെടുത്തലുമായി ഷായ് ഹോപ്പ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് കാഴ്ച്ചവെച്ചത്. പുറത്താകാതെ സെഞ്ച്വറി നേടിയ ഹോപ്പ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സാം കരണ്‍ എറിഞ്ഞ കളിയുടെ 49 ആം ഓവറില്‍ നാല് പന്തില്‍ മൂന്ന് സിക്സറുകള്‍ പറത്തി, കളി തന്റെ ടീമിന് അനുകൂലമാക്കി.

83 പന്തില്‍ പുറത്താകാതെ 109 റണ്‍സ് നേടിയ അദ്ദേഹം 4 വിക്കറ്റ് ജയം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ 16-ാം സെഞ്ചുറിയും കരിയറിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്. തന്റെ കരിയറില്‍ മാറ്റമുണ്ടാകാന്‍ കാരണമായ ഉപദേശത്തെപ്പറ്റി മത്സരശേഷം ഷായ് ഹോപ്പ് വാചാലനായി. ഇന്ത്യയുടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെപ്പറ്റിയാണ് ഹോപ് മനസ് തുറന്നത്.

‘വളരെ പ്രശസ്തനായ ഒരാള്‍, എം.എസ് ധോണി, അദ്ദേഹവുമായി കുറച്ച് നാള്‍ മുന്‍പ് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വിചാരിക്കുന്നതിലും അധികം സമയം നിങ്ങള്‍ക്ക് ക്രീസില്‍ എപ്പോഴുമുണ്ടാകും. ആ ഉപദേശം കടന്നുവന്ന വര്‍ഷങ്ങളിലെല്ലാം എന്റെ ഏകദിന കരിയറില്‍ എനിക്കൊപ്പമുണ്ടായിരുന്നു’ ഹോപ് മത്സര ശേഷം നടന്ന പ്രസന്റേഷനിടെ പറഞ്ഞു.

എന്റെ ഏകദിന കരിയറില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും പ്രചോദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സാം കുറന്റെ ഓവര്‍ ലക്ഷ്യമിടാന്‍ തീരുമാനിച്ചു. മറുവശത്ത് നിന്ന് റണ്‍സ് നേടുകയെന്നത് വെല്ലുവിളിയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം വിജയിക്കാനുള്ള ഏറ്റവും നല്ല അവസരമായതിനാല്‍ അവനെ തന്നെ നേരിടാനും അടിച്ചുതകര്‍ക്കാനും ഞാന്‍ തീരുമാനിച്ചു’ ഹോപ്പ് കൂട്ടിച്ചേര്‍ത്തു.

’49-ാം ഓവറില്‍ രണ്ടാം സിക്സ് അടിച്ചതിന് ശേഷം കളി ഞങ്ങളുടെ കൈയില്‍ ഉണ്ടെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ദൗത്യം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നത് പ്രശ്നമുണ്ടാക്കിയേക്കാമെന്നതിനാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ആ ഓവര്‍ തന്നെ ഞാന്‍ തിരഞ്ഞെടുത്തു’ താരം പറഞ്ഞു.

ഈ വര്‍ഷമാദ്യമാണ് ഹോപ്പ് വെസ്റ്റിന്‍ഡീസിന്റെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായത്. ഏകദിനത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന 11-ാമത്തെ വെസ്റ്റ് ഇന്‍ഡീസ് ബാറ്ററാണ് അദ്ദേഹം. ഏറ്റവും വേഗത്തില്‍ നാഴികക്കല്ലിലെത്തിയ മൂന്നാമത്തെ താരം കൂടിയാണ് ഹോപ്പ്.

 

You Might Also Like