വെംബ്ലി ആക്രമിക്കപ്പെട്ടപ്പോൾ പിതാവിന് ഗുരുതര പരിക്ക്; ആരോപണവുമായി ഇംഗ്ലീഷ് സൂപ്പർതാരം
യൂറോ ഫൈനലിൽ വെംബ്ലി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്‍റെ പിതാവിന് പരിക്കേറ്റതായി ഡിഫൻഡർ ഹാരി മഗ്വയർ വെളിപ്പെടുത്തി. യൂറോ ഫൈനൽ കാണാൻ ടിക്കറ് ലഭിക്കാതിരിക്കുന്ന ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചത് സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കൂടാതെ ‘ഹൂളിഗൻസ്’ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് തെമ്മാടി ആരാധകർ ഇറ്റാലിയൻ ആരാധകരെ ആക്രമിക്കാൻ ശ്രമിച്ചതും സ്റ്റേഡിയത്തിന് പുറത്ത് തിക്കും തിരക്കുമുണ്ടാക്കി.
അനിഷ്ട സംഭവങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്റെ 56 കാരനായ പിതാവ് അലന് രണ്ടു വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട് എന്ന് മഗ്വയർ സ്ഥിതീകരിക്കുന്നു.
അനാവശ്യമായി സൃഷ്ടിക്കപ്പെട്ട തിരക്കിൽ എന്‍റെ പിതാവും പെട്ടുപോയി. മത്സരത്തിനിടെ ഒരിക്കലും അംഗീകരിക്കാനാവാത്ത രംഗങ്ങളാണ് വെംബ്ലിയിൽ ഉണ്ടായത്. പിതാവിന് അന്നത്തെ പേടി ഇപ്പോഴും മാറിയിട്ടില്ല. എന്തായാലും എന്‍റെ കുട്ടികൾ മത്സരം കാണാൻ വരാതിരുന്നത് നന്നായി. പിതാവിനൊപ്പം എന്‍റെ ഏജന്‍റിനും പരിക്കുപറ്റി. ഇതിൽനിന്നെല്ലാം നമ്മൾ ഒരുപാട് പാഠം പഠിക്കേണ്ടതുണ്ട്. – മഗ്വയർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റു ശ്വാസതടസ്സം പോലും നേരിട്ടിട്ടും അലൻ ആശുപത്രിയിൽ പോകാതെ മകന്റെ ആദ്യ യൂറോഫൈനൽ വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ തുടരുകയായിരുന്നു.