മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി, സൂപ്പര്‍ താരം പുറത്തേക്ക്

Image 3
CricketIPL

ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിന് അവരുടെ സ്റ്റാര്‍ പേസര്‍ ലസിത് മലിയംഗയെ നഷ്ടപ്പെട്ടേയ്ക്കും. നിലവില്‍ ശ്രീലങ്കയിലുളള മലിംഗ മുംബൈയ്‌ക്കൊപ്പം ചേരാന്‍ ഏറെ വൈകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പിതിവിന്റെ ചികത്സയുമായി ബന്ധപ്പെട്ടാണ് മലിംഗ മുംബൈയ്‌ക്കൊപ്പം ചേരാതെ ശ്രീലങ്കയില്‍ തുടരുന്നത്.

അടുത്ത ആഴ്ചയില്‍ മലിംഗയുടെ അച്ഛന് ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നും അതിനാലാണ് ഐപിഎല്ലിനെത്താന്‍ വൈകുന്നതുമെന്നാണ് വിവരം. ഐപിഎല്ലിന്റെ പ്ലേ ഓഫ് തീരുമാനിച്ചിരിക്കുന്ന സമയത്താകും മലിംഗ ഇതോടെ ഐപിഎല്ലിലേക്ക് മടങ്ങിവരാനാവുക.

ഇപ്പോള്‍ മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് പോയി മത്സരത്തില്‍ പങ്കെടുത്താല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരവ് എളുപ്പമാവില്ല. കൂടാതെ വിദേശ രാജ്യത്ത് നിന്ന് ശ്രീലങ്കയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ശ്രീലങ്കന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ യുഎഇയില്‍ പോയിട്ട് തിരിച്ചുവന്ന് അച്ഛന്റെ ചികിത്സ നടത്തുക എളുപ്പമാകില്ല.

ഇതാണ് മലിംഗ ഐപിഎല്ലിന്റെ പകുതിയോളം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടത്തിയ ക്യാംപിലും മലിംഗ പങ്കെടുത്തിരുന്നില്ല.

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അവസാന ഓവറില്‍ എട്ട് റണ്‍സ് നേടാന്‍ അനുവദിക്കാതെ തടുത്തു നിര്‍ത്തി മുംബൈക്ക് കിരീടം നേടിക്കൊടുത്തത് മലിംഗയുടെ മികവായിരുന്നു. മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയ്ക്കും ട്രന്റ് ബോള്‍ട്ടിനുമൊപ്പം നഥാന്‍ കോള്‍ട്ടര്‍ നൈലോ,മിച്ചല്‍ മക്ലെങ്ങനോ മുംബൈ പേസ് നിരയില്‍ ഇടം പിടിച്ചേക്കും.

അതേ സമയം ട്രന്റ് ബോള്‍ട്ട് ഐപിഎല്ലില്‍ നിന്ന് ചിലപ്പോള്‍ വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പകരക്കാരനെ തേടുക മുംബൈക്ക് കടുത്ത വെല്ലുവിളിയാവും.