ഐപിഎല്ലില്‍ മുംബൈയ്ക്ക് വന്‍ പണി, ആ ആധിപത്യം നഷ്ടമാകും

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണിനായുളള മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ ഐപിഎല്‍ ഇന്ത്യയിലാണ് നടക്കുക എന്ന ആവേശം ആരാധകര്‍ക്കൊപ്പം ടീമുകള്‍ക്കുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം ചില ഫ്രാഞ്ചസികള്‍ക്ക് കടുത്ത ആശങ്ക സമ്മാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ വേദികളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം മഹാരാഷ്ട്രയില്‍ ശക്തമായി തുടരുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ വേദികളില്‍ നിന്ന് മുംബൈയെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

അങ്ങനെ വന്നാല്‍ തട്ടകത്തിന്റെ ആധിപത്യം മുംബൈക്ക് നഷ്ടപ്പെടും. അത് ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാവും. നേരത്തെ തങ്ങളുടെ തട്ടകത്തില്‍ മത്സരം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചാബ് അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ പ്രധാന മൈതാനങ്ങളിലൊന്നായ മുംബൈയിലും ടൂര്‍ണമെന്റ് നടത്തേണ്ടന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിരിക്കുകയാണ്.

നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയവരുമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ തട്ടകമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വലിയ ആരാധക പിന്തുണയും മുംബൈക്ക് ലഭിക്കാറുണ്ട്.

എന്നാല്‍ ഇത്തവണ മുംബൈയില്‍ നിന്ന് മത്സരം മാറ്റിയില്‍ ഇതെല്ലാം ടീമിന് നഷ്ടമാവും. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതില്‍ മുംബൈ അതൃപ്തി അറിയിക്കുമെന്ന കാര്യം ഉറപ്പാണ്.