ആറാം തോല്‍വി, നാണക്കേടിന്റെ അങ്ങേയറ്റത്ത് മുംബൈ, രാഹുലടിയില്‍ പുളഞ്ഞ് ദൈവത്തിന്റെ പിന്‍ഗാമികള്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് തോറ്റമ്പിയത്. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുക്കാനായുളളു.

മുംബൈയ്ക്കായി 27 പന്തില്‍ 37 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 13 പന്തില്‍ 31 റണ്‍സെടുത്ത ഡേവിഡ് ബ്രെവിസും 14 പന്തില്‍ 25 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡുമാണ് പൊരുതിയത്.

തിലക് വര്‍മ്മ (26), ഇഷാന്‍ കിഷന്‍ (13), രോഹിത്ത് ശര്‍മ്മ (6), ഫാബിയന്‍ അലന്‍ (8), ജയദേവ് ഉനദ്കഡ് (14), മുരുകന്‍ അശ്വിന്‍ (6) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

ലഖ്‌നൗവിനായി ആവേശ് ഖാന്‍ നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷോയ്, മാര്‍ക്കസ് സ്‌റ്റോണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനായി നായകന്‍ കെഎല്‍ രാഹുല്‍ പുറത്താകാതെ സെഞ്ച്വറി സ്വന്തമാക്കി. 60 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം രാഹുല്‍ 103 റണ്‍സാണ് എടുത്തത്. ഡികോക്ക് 13 പന്തില്‍ 24ലും മനീഷ് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സും സ്വന്തമാക്കി. മാര്‍ക്കസ് സ്റ്റോണ്‍സ് (10), ദീപക് ഹൂഡ (15) എന്നിവരാണ് പുറത്തായ മറ്റ് ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍.

മുംബൈയ്ക്കായി ജയദേവ് ഉനദ്ഖഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുരുകന്‍ അശ്വിനും ഫാബിന്‍ അലനും ഓരോ വിക്കറ്റും സ്വന്തമാക്കി.

You Might Also Like