കിരീടം നേടാന്‍ മുംബൈ യുഎഇയില്‍ എത്തിയത് 150 അംഗ ടീമുമായി
ഐപിഎല്ലിനായി മുംബൈ ഇന്ത്യന്‍സ് യുഎഇയിലെത്തിയത് ജംമ്പോ സംഘവുമായി. 150ലധികം അംഗങ്ങളാണ് ടീമിനൊപ്പം ഉണ്ടായിരിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഐപിഎല്‍ ടീമുകളില്‍ ഏറ്റവുമധികം അംഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിരുന്നു മുംബൈ ഇന്ത്യന്‍സ്.
മറ്റു ഫ്രാഞ്ചൈസികളില്‍ 40നും 50നും ഇടയില്‍ മാത്രം അംഗങ്ങളുമായി എത്തിയപ്പോയാണ് മുംബൈ ജംമ്പോ സംഘത്തെ ഇറക്കി കളിച്ചത്. ഹെയര്‍ഡ്രസര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, തയ്യല്‍ക്കാരന്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ മുംബൈ ഇന്ത്യന്‍സ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഐപിഎല്‍ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ ഡല്‍ഹിയെ കീഴ്‌പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ജയത്തിന്റെ സൂത്രധാരന്‍.
ഇഷാന്‍ കിഷന്‍ (33), ക്വിന്റണ്‍ ഡികോക്ക് (20) എന്നിവരും മുംബൈ സ്‌കോറിലേക്ക് സംഭാവന നല്‍കി. ഡല്‍ഹിക്ക് വേണ്ടി ആന്റിച് നോര്‍ക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.
അതേസമയം, അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.