മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങി, ക്രിക്കറ്റ് ലോകത്തിന് സന്തോഷ വാര്‍ത്ത

Image 3
CricketIPL

മുംബൈ: കോവിഡ് നിരാശപ്പെടുത്തിയ ക്രിക്കറ്റ് ലോകത്തിന് ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത. ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീം പുതിയ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിച്ചു. ഇതോടെ ഇന്ത്യയില്‍ തന്നെ ആദ്യമായി ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ച ടീമായി മാറി മുംബൈ ഇന്ത്യന്‍സ്.

പുതിയ സീസണിനെക്കുറിച്ച് ബിസിസിഐ ഇനിയും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതു കണക്കാക്കാതെയാണ് മുംബൈ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം കത്ത് മുഖേന രാജ്യത്തെ മറ്റു ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മുംബൈയുടെ നീക്കം.

മുംബൈ സിറ്റയില്‍ നിന്നു വളരെ മാറി പ്രാന്തപ്രദേശമായ ഗാന്‍സോലിയിലെ റിലയന്‍സ് സ്റ്റേഡിയത്തിലാണ് മുംബൈ താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടത്. മുംബൈയില്‍ താമസിക്കുന്ന താരങ്ങളെയാണ് റിലയന്‍സ് സ്റ്റേഡിയത്തിലെ പരിശീലത്തിനു വേണ്ടി മുംബൈ ഇന്ത്യന്‍സ് ക്ഷണിച്ചത്. ഏതൊക്കെ താരങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത് എന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മുംബൈ ടീമില്‍ നിലവില്‍ മുംബൈയിലെ തന്നെ നിരവധി താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ സഹോദരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവ്, പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി, വിക്കറ്റ് കീപ്പര്‍ ആദിത്യ താരെ എന്നിവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്.

ഇപ്പോള്‍ ആരംഭിച്ചത് വെറുമൊരു പ്രാഥമിക ക്യാംപ് മാത്രമാണെന്നും താരങ്ങള്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമല്ലെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സ് പരിശീലനം പുനരാരംഭിക്കുന്നതായി അറിയിച്ചപ്പോള്‍ അതിനെ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഞങ്ങള്‍ പരിശീലനം നടത്താനുള്ള ഒരു അവസരം മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുകയാണ്. അവിടെയെത്താന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വീണ്ടും ബാറ്റേന്തുന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു ഫീല്‍ ഇല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ വളരെ അപൂര്‍വ്വമായി മാത്രമേ വീടിനു പുറത്തിറങ്ങിയിട്ടുള്ളൂ. അതിനാല്‍ തന്നെ ക്രിക്കറ്റിനെം ഏറെ മിസ്സ് ചെയ്തയാതും യാദവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ വിധ മുന്‍കരുതലുകളോടെയുള്ള പരിശീലനമാണ് മുംബൈ ഇന്ത്യന്‍സ് ഒരുക്കിയിരിക്കുന്നതെന്നും യാദവ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരിക്കും പരിശീലനമെന്ന് മുംബൈ ഇന്ത്യന്‍സ് ഞങ്ങളെ അറിയിച്ചിരുന്നു. ബൗളിങ് മെഷീന്റെ സഹായത്തോടെയായിരിക്കും ബാറ്റിങ് പരിശീലനം നടത്തുകയെന്നും യാദവ് പറഞ്ഞിരുന്നു.