എന്ത് കൊണ്ട് മുംബൈ ചാമ്പ്യന്മാരാകുന്നു?, അതിനുളള ഉത്തരമാണ് ഈ മത്സരം

Image 3
CricketIPL

തേഡ് ഐ-കമാല്‍ വരദൂര്‍

മുംബൈക്കാര്‍ എന്ത് കൊണ്ടാണ് ചാമ്പ്യന്മാരാവുന്നത്…? അതിനുളള ഉത്തരമാണ് ഈ മല്‍സരം. 152 റണ്‍സ് അവര്‍ ബൗളിംഗ് കരുത്തില്‍ സുന്ദരമയി പ്രതിരോധിച്ചു. രാഹുല്‍ ചാഹറും ക്രുനാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുംറയും അവസാനത്തില്‍ ട്രെന്‍ഡ് ബോള്‍ട്ടും എത്ര മനോഹരമായാണ് പന്തെറിഞ്ഞത്.

ആദ്യ മല്‍സരത്തില്‍ തോല്‍ക്കാറുള്ളത് മുംബൈ ഇന്ത്യന്‍സിന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ രണ്ടാം മല്‍സരത്തിലും അവര്‍ തോല്‍വി മുഖത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായിട്ടും 152 ല്‍ എല്ലാവരും പുറത്തായി. വമ്പന്മാരുടെ കൊല്‍ക്കത്തക്ക് ഈ സ്‌ക്കോര്‍ എളുപ്പമായിരുന്നു. അനായാസം അവര്‍ ജയിക്കുമെന്നാണ് കരുതിയത്. നിതീഷ് റാണയും (57), ശുഭ്മാന്‍ ഗിലും (33) ഗംഭീര തുടക്കം നല്‍കിയിട്ടും പിന്നെ കൊല്‍ക്കത്തക്കാര്‍ അതിനാടകീയമായി തകര്‍ന്നുപോയി.

മുംബൈ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് ഇന്നലെ ഓപ്പണറുടെ റോളിലെത്തിയെങ്കിലും രണ്ട് റണ്‍സില്‍ മടങ്ങി. ഫോമിലുള്ള സൂര്യകുമാര്‍ യാദവും (56), നായകന്‍ രോഹിത് ശര്‍മയും (43) ഒരുമിച്ചപ്പോള്‍ റണ്‍സ് പിറന്നു. സ്‌ക്കോര്‍ ബോര്‍ഡില്‍ 86 റണ്‍സുള്ളപ്പോള്‍ സൂര്യകുമാര്‍ പുറത്തായത് ആഘാതമായി. ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളുമായി കളം നിറഞ്ഞ യാദവിനെ ബംഗ്ലാദേശുകാരന്‍ ഷാക്കിബ് അല്‍ ഹസനാണ് പുറത്താക്കിയത്.

പിറകെ വന്നവരെല്ലാം പെട്ടെന്ന് തല താഴ്ത്തി. ഇഷാന്‍ കിഷന്‍ (1), ഹാര്‍ദിക് പാണ്ഡ്യ (15), പൊലാര്‍ഡ് (5) ക്രുനാല്‍ (15) എന്നി കൂറ്റനടിക്കാര്‍ വേഗത്തില്‍ തിരിഞ്ഞ് നടന്നതോടെ മുംബൈ തകര്‍ന്നു.

പക്ഷേ മുംബൈ ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ചെപ്പോക്ക് കീഴടക്കി. 27 റണ്‍സിന് നാല് വിക്കറ്റ് വീവ്ത്തിയ ചാഹര്‍, 27 ല്‍ രണ്ട് പേരെ പുറത്താക്കിയ ബോള്‍ട്ട്. നാലോവറില്‍ 13 റണ്‍സ് മാത്രം നല്‍കിയ ക്രുനാല്‍, തന്റെ സ്പെല്ലില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുംറ എല്ലാവരും ഗംഭീരമായി. ഇത് തന്നെയാണ് മുംബൈ കരുത്ത്…

കടപ്പാട്: ചന്ദ്രിക ദിനപത്രം