മുംബൈ കരുതിയിരിക്കുക, ഏറ്റവും അധികം ഭയപ്പെടേണ്ടത് ആ ടീമിനെയെന്ന് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലിന്റെ 14ാം സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് മുന്നയിപ്പുമായി ഇന്ത്യന്‍ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മുംബൈ ഏറ്റവുമധികം ഭയപ്പെടേണ്ടത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണെന്നാണ് ചോപ്ര തുറന്ന് പറയുന്നത്.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഡിസിയെ വീഴ്ത്തിയായിരുന്നു മുംബൈ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്. ഡിസിയുടെ കന്നി ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈയെ ഞെട്ടിക്കാന്‍ ഡിസിക്കു കഴിയുമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചോപ്ര.

ഈ ഡിസി ടീമിന് ഒരുപാട് ശക്തികളുണ്ട്. എന്റെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്ന് കൂടിയാണിത്. അവര്‍ പേപ്പറില്‍ വളരെ കരുത്തരാണ്. മുംബൈ ഇന്ത്യന്‍സ് ടീമിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഡിസിക്കു കഴിയും. ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തു കഴിഞ്ഞതായും ചോപ്ര വിലയിരുത്തി.

മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാനിദ്ധ്യമാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ ശക്തിയെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഡിസിയുടെ ഇന്ത്യന്‍ നിര ഗംഭീരമാണ്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അവരുടെ ടീമിന്റെ ഭാഗമാണ്. ഇവയില്‍ ചിലര്‍ മാച്ച് വിന്നര്‍മാരുമാരും ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന സംഭാവന നല്‍കാന്‍ സാധിക്കുന്നവരുമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

മികച്ച ബൗളിങ് നിരയാണ് ഡിസിയുടെ മറ്റൊരു പ്ലസ് പോയിന്റായി ചോപ്ര വിലയിരുത്തുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം കഴിഞ്ഞാല്‍ ഡിസിയുടെ രണ്ടാത്തെ ശക്തി ബൗളിങിലാണ്. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവര്‍ അവരുടെ ടീമിന്റെ ഭാഗമാണ്. ഇപ്പോള്‍ ക്രിസ് വോക്സും അവര്‍ക്കുണ്ട്. ഇവരെക്കൂടാതെ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അവേശ് ഖാന്‍ എന്നിവരും ഡിസിയുടെ ബൗളിങ് നിരയിലുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

മാര്‍ക്കസ് സ്റ്റോയ്നിസും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ്. ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തില്‍ നിന്നും ടീമിന് സംഭാവ പ്രതീക്ഷിക്കാം. മാച്ച് വിന്നര്‍മാരുടെ വലിയനിര തന്നെ ഡിസിയിലുണ്ട്. ഇവയെല്ലാം ഡിസിക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.