വീണ്ടും ഞെട്ടിച്ച് മുംബൈ സിറ്റി, സീരി എയില്‍ നിന്ന് യുവതാരത്തെ റാഞ്ചി

ഐഎസ്എല്ലില്‍ സൈനിംഗ് കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടയ്ക്കുകയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി. ഏഷ്യന്‍ ക്വാട്ടയിലേക്ക് സീരി എ ക്ലബ്ബായ ബെനവെന്റോ കാല്‍സിയോയില്‍ കളിക്കുന്ന ജപ്പാനീസ് യുവ മിഡ്ഫീല്‍ഡര്‍ സൈ ഗോഡ്ഡാര്‍ഡിനെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്‌സി.
ഒരു വര്‍ഷത്തേക്ക് ലോണിലാണ് ബെനവെന്റോ കാല്‍സിയോയില്‍ നിന്ന് സൈ ഗോഡ്ഡാര്‍ഡിനെ മുംബൈയ്ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച സൈനിംഗുകളില്‍ ഒന്നായി ഇതോടെ ജപ്പാന്‍ താരത്തിന്റെ വരവ് മാറി.
ഇംഗ്ലണ്ടില്‍ ജനിച്ച സൈ ഗോഡ്ഡാര്‍ഡ് ടോട്ടന്‍ഹാം യൂത്ത് ടീമിലൂടെയാണ് കളിച്ചു തുടങ്ങിയത്. ടോട്ടന്‍ഹാം അണ്ടര്‍ 23 ടീമിനായി താരം 37 മത്സരങ്ങള്‍ കളിച്ചു.: പിന്നീട് സീരി എ ക്ലബ്ബായ ബെനെവെന്റോ കാല്‍സിയോയില്‍ എത്തിയ താരം കഴിഞ്ഞ സീസണില്‍ സൈപ്രസ് ടോപ് ഡിവിഷന്‍ ക്ലബ്ബായ പാഫോസ് എഫ്‌സിയില്‍ ലോണില്‍ കളിച്ചു.
പാഫോസിനായി താരം ആറ് മത്സരങ്ങളിലാണ് ബൂട്ട് അണിഞ്ഞത്. 23 കാരനായ ഗോഡ്ഡാര്‍ഡ് ജപ്പാന്‍ അണ്ടര്‍ 16 ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.
നിലവില്‍ ഐഎസ്എല്ലില്‍ ഏറ്റവും മികച്ച സൈനിംഗുകള്‍ നടത്തി വന്‍ മുന്നൊരുക്കമാണ് ഏഴാം സീസണിനായി മുംബൈ സിറ്റി എഫ്‌സി നടത്തുന്നത്. മുന്നേറ്റ നിരയില്‍ ഓഗ്‌ബെചെ, ബൗമസ് അടക്കമുളള താരങ്ങളെ ഇതിനോടകം തന്നെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിട്ടുണ്ട്.