ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം പൊട്ടി, ആ മഹാപ്രഖ്യാപനം നടത്തി മുംബൈ

ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരമായിരുന്ന ബര്‍ത്തലോമവ ഓഗ്‌ബെചെയെ സ്വന്തമാക്കിയതായി മുംബൈ സിറ്റി എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സിനായി എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ് ഐഎസ്എല്‍ ഏഴാം സീസണില്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയ്ക്കായി ബൂട്ടണിയുക.

മുംബൈ സിറ്റിയുടെ പുതിയ കോച്ച് സെര്‍ജിയോ ലൊബേരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുന്‍ പിഎസ്ജി സൂപ്പര്‍ താരത്തെ ക്ലബ് ബ്ലാസ്റ്റേഴ്സില്‍ നിന്ന റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ലൊബേര പരിശീലിപ്പിച്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഓഗ്‌ബെചെ നടത്തിയ പ്രകടനത്തില്‍ ആകൃഷ്ടനായാണ് കോച്ച് ഓഗ്‌ബെചെയെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജുമെന്റിന് നിര്‍ദേശം നല്‍കിയത്.

നേരത്തെ തന്നെ എഫ്‌സി ഗോവയുടെ മികച്ച താരങ്ങളെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി ഏഴാം സീസണ് വന്‍ തയ്യാറെടുപ്പാണ് നടത്തുന്നത്. എഫ്‌സി ഗോവ നായകനായിരുന്ന മന്ദാര്‍ റാവും ദേശായി, പ്രതിരോധനിരയിലെ വന്‍മതിലുകളായിരുന്ന മുര്‍തദ്ദ ഫാള്‍, അഹ്മദ് ജെഹ്‌റു മുന്നേറ്റനിരതാരം ബൗമസ് എന്നിവരെ ഇതിനോടകം തന്നെ മുംബൈ സിറ്റി തങ്ങളുടെ നിരയിലെത്തിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഓഗ്‌ബെചെയെ കൂടി സിറ്റി ഗ്രൂപ്പ് റാഞ്ചിയത്.

ഓഗ്‌ബെചെയെ കൂടാതെ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഇന്ത്യന്‍ യുവ റൈറ്റ് ബാക്ക് മുഹമ്മദ് റാകിപിനേയും മുംബൈ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷകരാറാണ് റാകിബ് മുംബൈ സിറ്റിയ്ക്ക് നല്‍കിയിരിക്കുന്നത്.

20 കാരനായ റാകിപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായിരുന്നു. റൈറ്റ് ബാക്കില്‍ കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങള്‍ റാകിപ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചു. 2017 മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു റാകിപ്. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെയാണ് താരം വളര്‍ന്നു വന്നത്.ഇന്ത്യന്‍ ആരോസിനായി താരം മുമ്പ് കളിച്ചിട്ടുണ്ട്.ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കായും റാകിപ് കളിച്ചിട്ടുണ്ട്.

You Might Also Like