എന്തുകൊണ്ട് മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറി, ബൗമസ് പറയുന്ന കാരണങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും അവിശ്വസനീയമായ കൂടുമാറ്റങ്ങളില്‍ ഒന്ന് എഫ്‌സി ഗോവ വിട്ട് മെറോക്കന്‍ വംശജനായ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമസ് മുംബൈ സിറ്റി എഫ്‌സിയില്‍ എത്തിയതായിരുന്നു.

എഫ്‌സി ഗോവയുമായി കരാര്‍ ബാക്കി നില്‍ക്കെ ഒന്നരകോടിയോളം രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് ബൗമസ് മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയത്. സെര്‍ജിയോ ലൊബേരയെന്ന എഫ്‌സി ഗോവയുടെ പരിശീലകന്‍ മുംബൈ സിറ്റിയിലേക്ക് പിണങ്ങി ചേക്കേറിയതാണ് ബൗമസിന്റെ ക്ലബ് മാറ്റത്തിന് പ്രധാന കാരണം.

എന്നാല്‍ എന്തുകൊണ്ടാണ് താന്‍ മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബൗമസ് ഇപ്പോള്‍. മുംബൈ സിറ്റിയില്‍ സിറ്റി ഗ്രൂപ്പിന്റെ പങ്കാളിത്തമാണ് ഗോവയില്‍ നിന്ന് മുംബൈയിലേക്ക് ചേക്കേറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബൗമസ് പറയുന്നു.

ഞാന്‍ ഇന്ത്യയില്‍ ആയിരുന്ന കാലത്ത് മുംബൈ സിറ്റിയെ ഇഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിലും വിദേശത്തുമായി മറ്റു ക്ലബ്ബുകളില്‍ പോകാനുള്ള അവസരങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെയുള്ള പ്രോജക്ടും ക്ലബ്ബുമായി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ പങ്കാളിത്തവും ഉള്ളതിനാല്‍, ഇത് എന്റെ ശരിയായ നീക്കമാണെന്ന് എനിക്ക് തോന്നി’ ബൗമസ് പറയുന്നു.

തനിക്ക് തന്നെ കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടെന്ന പറയുന്ന ബൗമസ് അത് നിലനിര്‍ത്താന്‍ മുംബൈ സിറ്റിയേക്കാള്‍ മികച്ച ക്ലബ് വേറെയില്ലെന്നും നിരീക്ഷിക്കുന്നു. മുംബൈ സിറ്റി പോലുള്ള ഒരു ക്ലബില്‍ ചേരുന്നത് എനിക്ക് വലിയ അംഗീകാരമാണെന്ന് പറയുനന ബൗമസ് കോച്ച് സെര്‍ജിയോ ലോബേറയുമായി തനിക്ക് മികച്ച കൂട്ടുകെട്ടാണെന്നത് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

You Might Also Like