മുംബൈയ്ക്കായി സിറ്റി ഗ്രൂപ്പ് ഒരുക്കുന്നത് ‘ഡെഡ്‌ലി കോംമ്പിനേഷന്‍’

Image 3
FootballISL

ഐഎസ്എല്ലില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് മുംബൈ സിറ്റി ഒരുങ്ങുന്നത് രണ്ടും കല്‍പിച്ച്. ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ പേരുകേട്ട പ്രധാന താരങ്ങളെയെല്ലാം ഇതിനോടകം ടീമിലെത്തിച്ച മുംബൈയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റ് ടീമുകള്‍ ശരിക്കും വിയര്‍ക്കേണ്ടി വരും.

മുംബൈയുടെ മുന്നേറ്റ നിര അത്ര വിനാശകരമാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗോളടി യന്ത്രി ഓഗ്‌ബെചേയും എഫ്‌സി ഗോവയില്‍ നിന്നും റാഞ്ചിയ ഹ്യൂഗോ ബൗമസും ഓസീസ് ഏ ലീഗ് സൂപ്പര്‍ താരം ആദം ലേ ഫോണ്‍ട്രയും ചേര്‍ന്നാല്‍ എന്തും സംഭവിക്കാം.

ഇതില്‍ ഓഗ് ബെചെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി നേടിയത് 15 ഗോളുകളാണ്. ബൗമസാകട്ടെ 11 ഗോളും 10 അസിസ്റ്റുകലുമാണ് സ്വന്തമാക്കിയത്. ഏകദേശം 1.6 കോടി രൂപ ഗോവയ്ക്ക് റിലീസ് ക്ലോസായി നല്‍കിയാണ് ബൗമസിനെ മുംബൈ റാഞ്ചിയത്.

ആദം ലേ ഫോണ്‍ട്രയുടെ കാര്യത്തില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും താരവും ക്ലബിന്റെ ഭാഗമായി കഴിഞ്ഞെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 33 വയസുകാരനായ ഈ താരത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യൂ ആറരക്കോടി രൂപയാണ്. 2018ല്‍ സിഡ്‌നി എഫ്‌സിയില്‍ എത്തിയ താരം ഇതുവരെ സിഡ്‌നിക്കായി 59 മത്സരത്തില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.

കൂടാതെ ഗോവയില്‍ നിന്നും തന്നെ റാഞ്ചിയ മൊറോക്കന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അഹമ്മദ് ജൊഹുറുവും സെനഗര്‍ പ്രതിരോധ താരം മുര്‍തദ്ദ ഫാളുമെല്ലാം ചേരുമ്പോള്‍ അപ്രവചനീയമായത് പലതും സംഭവിക്കാനിടയുണ്ട്. പണമൊഴുക്കി താരങ്ങളെ സ്വന്തമാക്കിയ ലൊബേരയുടെ ഡെഡ്‌ലി കോംമ്പിനേഷന്‍ എത്രത്തോളം ഫോമാകുന്നുവോ അത്രത്തോളം എതിരാളികളുടെ സാധ്യതകള്‍ തല്ലികെടുത്തും.