അവിശ്വസനീയ വിജയം, നാല് പന്തില്‍ കളി ജയിച്ച് മുംബൈ

Image 3
Cricket News

അവിശ്വസനീയ വിജയം സ്വന്തമാക്കി മുംബൈ വനിതകള്‍. വനിത സീനിയര്‍ ക്രിക്കറ്റില്‍ നാഗാലന്‍ഡിനെതിരെ വെറും നാല് പന്തുകളിലാണ് മുംബൈ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് 17 റണ്‍സില്‍ ഓളൗട്ടായപ്പോള്‍, മുംബൈ വെറും 4 പന്തുകളില്‍ വിജയം കണ്ടു.

ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നാഗാലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ആദ്യ 4 പേരും പൂജ്യത്തിന് പുറത്തായ നാഗാലാന്‍ഡ് 8/6 എന്ന നിലയിലേക്ക് അതിവേഗം തകര്‍ന്നു വീഴുകയായിരുന്നു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിയാതിരുന്ന ടീം, 17 റണ്‍സില്‍ ഓളൗട്ടാവുകയും ചെയ്തു.

6 പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍, 9 റണ്‍സെടുത്ത സാരിബയാണ് നാഗാലാന്‍ഡിന്റെ ടോപ്പ്സ്‌കോറര്‍. മുംബൈയ്ക്കായി ക്യാപ്റ്റന്‍ സയാലി സാറ്റ്ഘരെ 5 റണ്‍സ് വിട്ടു കൊടുത്ത് 7 വിക്കറ്റുകള്‍ വീഴ്ത്തി. 17.4 ഓവറുകളാണ് നാഗാലാന്‍ഡ് മത്സരത്തില്‍ ബാറ്റ് ചെയ്തത്.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ആദ്യ ഓവറിലെ നാലാം പന്തില്‍ വിജയം കാണുകയായിരുന്നു. മൂന്ന് ബൗണ്ടറികളും, ഒരു സിക്‌സറും പറത്തിയാണ് മുംബൈ വനിതകള്‍ ഒരോവര്‍ പോലും തികയുന്നതിന് മുന്നേ ടീമിനെ വിജയത്തിലെത്തിച്ചത്.

ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ കളി ജയിച്ചുവെന്ന അത്യപൂര്‍വ്വ റെക്കോര്‍ഡും മുംബൈ വനിതകള്‍ സ്വന്തമാക്കി.