മെസിയേക്കാൾ മികച്ചതാണെന്ന് ലെവൻഡോവ്സ്കി ബാഴ്സക്കെതിരെ തെളിയിക്കുമെന്ന് ബയേൺ താരം

നിലവിൽ മെസിയേക്കാൾ മികച്ച കളിക്കാരൻ താനാണെന്ന് ലെവൻഡോവ്സ്കി ബാഴ്സക്കെതിരായ അടുത്ത മത്സരത്തിൽ തെളിയിക്കുമെന്ന് ബയേൺ സഹതാരമായ തോമസ് മുളളർ. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ലെവൻഡോവ്സ്കി ഈ സീസണിൽ 44 മത്സരങ്ങളിൽ നിന്നും 53 ഗോളുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. ഇന്നലെ ചെൽസിക്കെതിരെ രണ്ടു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.
നിലവിൽ ഏറ്റവും മികച്ച മുന്നേറ്റനിര താരം ലെവൻഡോവ്സ്കി ആണോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുള്ളർ. “അതു നമുക്കു വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനു ശേഷം അറിയാൻ കഴിയും. ലെവൻഡോവ്സ്കിയാണ് ഈ ചോദ്യത്തിനു മറുപടി നൽകേണ്ടത്.”
https://twitter.com/EnglishPre_b/status/1292339024753958913?s=19
“മെസിയും വളരെ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ കാഴ്ച വെച്ചത്. എന്നാൽ ഈ ചോദ്യത്തിന് തന്റെ ഭാഗത്തു നിന്നും മറുപടി നൽകി ആരാണ് ഏറ്റവും മികച്ച താരമെന്നു തെളിയിക്കാൻ ലെവൻഡോവ്സ്കിക്ക് കഴിയും.” ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ മുള്ളർ പറഞ്ഞു.
ബയേണും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കൂടുതൽ സാധ്യത ജർമൻ ക്ലബിനു തന്നെയാണ്. ഈ സീസണിൽ ജർമനിയിലെ രണ്ടു കിരീടങ്ങളും സ്വന്തമാക്കിയ ബയേൺ ട്രബിൾ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. ചെൽസിയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ഇരുപാദങ്ങളിലുമായി തോൽപിച്ചത് ബയേണിന്റെ മികവിന് തെളിവുമാണ്.