വീണ്ടും മുഹമ്മദന്‍, ഇത്തവണ റാഞ്ചിയത് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ
മുന്‍ കേരള ബ്ലാസ്റ്റഴേ്‌സ് താരം സാമുവല്‍ ഷദാബിനെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ ഐലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ് മുഹമ്മദന്‍ എസ്.സി. 27കാരനായ സാമുവല്‍ പ്രതിരോധ താരമാണ്. 2017 സീസണിലാണ് സാമുവല്‍ ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമില്‍ ബൂട്ടുകെട്ടിയത്. നാല് മത്സരമാണ് മഞ്ഞകുപ്പായത്തില്‍ ഈ യുവതാരം കളിച്ചത്.
ഐലീഗ് സെക്കന്‍ ഡിവിഷന്‍ ക്ലബ് പഞ്ചാബ് എഫ്‌സിയില്‍ നിന്നാണ് സാമുവല്‍ മുഹമ്മദന്‍സിലേക്ക് ചേക്കേറിയത്. കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിന് പിന്നാലെ റിസര്‍വ്വ് ടീമിലും സാമുവല്‍ രണ്ട് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. തുടര്‍ന്ന് സൗത്തേണ്‍ സമിയ്ക്കും പഞ്ചാബ് എഫ്‌സിയ്ക്കുമായി ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണില്‍ കൈമാറുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ഈ ഷില്ലോംഗ് ലജോംങ്ങ് പ്രൊഡക്റ്റ് മുഹമ്മദന്‍സുമായി കരാര്‍ ഒപ്പിടുന്നത്. ഷില്ലോംഗിനായി അഞ്ച് വര്‍ഷത്തോളം കളിച്ച താരമാണ് സാമുവല്‍.
നിലിവില്‍ ക്ലബ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 130 വര്‍ഷത്തെ പാരമ്പര്യമുളള മുഹമ്മദന്‍ ക്ലബ് മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുവസൂപ്പര്‍ താരവും ഇന്ത്യയുടെ ഭാവി വാഗ്ദാനവുമായ അന്‍വര്‍ അലിയെ മുഹമ്മദന്‍ ക്ലബ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു മുഹമ്മദന്‍ ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷം ഐലീഗ് ഒന്നാം ഡിവിഷണിലേക്ക് സ്ഥാനം കയറ്റം ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെയാണ് മുഹമ്മദന്‍ ഒരുക്കുന്നത്. നിരവധി മികച്ച താരങ്ങള്‍ ഇതിനോടകം മുഹമ്മദന്റെ ഭാഗമായിട്ടുണ്ട്.
ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍ ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്റെ ഉടമ.